ന്യൂഡൽഹി: പ്രത്യേക സാമ്പത്തിക മേഖലയിൽ പരമാവധി ഒരു വർഷത്തേക്ക് വർക്ക് ഫ്രം ഹോം അനുവദനീയമാണെന്നും ഇത് മൊത്തം ജീവനക്കാരുടെ 50 ശതമാനം വരെ നീട്ടാമെന്നും വാണിജ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
പ്രത്യേക സാമ്പത്തിക മേഖല ചട്ടങ്ങൾ, 2006-ൽ വർക്ക് ഫ്രം ഹോമിനുള്ള പുതിയ നിയമം 43 എ വാണിജ്യ വകുപ്പ് വിജ്ഞാപനം ചെയ്തിട്ടുണ്ട്.
എല്ലാ പ്രത്യേക സാമ്പത്തിക മേഖലകളിലും (സെസ്) രാജ്യവ്യാപകമായി ഏകീകൃതമായ ഡബ്ല്യു.എഫ്.എച്ച് നയം ഒരുക്കണമെന്ന ആവശ്യപ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഒരു യൂണിറ്റിലെ ഒരു നിശ്ചിത വിഭാഗം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ലഭ്യമാക്കുന്നതാണ് പുതിയ നിയമം.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജീവനക്കാർ, ദീർഘ യാത്ര ചെയ്യുന്നവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് മുൻഗണന നൽകും. യൂണിറ്റിലെ കരാർ ജീവനക്കാർ ഉൾപ്പെടെ മൊത്തം ജീവനക്കാരുടെ പരമാവധി 50 ശതമാനം വരെ ഡബ്ല്യു.എഫ്.എച്ച് വിപുലീകരിക്കാം.
“വീട്ടിൽ നിന്നുള്ള ജോലി ഇപ്പോൾ പരമാവധി ഒരു വർഷത്തേക്ക് അനുവദനീയമാണ്. എന്നിരുന്നാലും, യൂണിറ്റുകളുടെ അഭ്യർത്ഥന പ്രകാരം ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടിയേക്കാം” -മന്ത്രാലയം അറിയിച്ചു. രേഖാമൂലമുള്ള ഏതെങ്കിലും കാരണത്താൽ 50 ശതമാനത്തിലധികം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമിന് അംഗീകാരം നൽകാൻ സെസുകളുടെ ഡവലപ്‌മെന്റ് കമ്മീഷണർക്ക് (ഡിസി) വിവേചനാധികാരം അനുവദിച്ചിട്ടുണ്ടെന്നും ചട്ടത്തിൽ പറയുന്നു.