ന്യൂഡൽഹി: പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞയ്ക്ക് ഹിന്ദി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നുള്ള ചോദ്യത്തിന് കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണല്ലോ എന്നായിരുന്നു ഉഷയുടെ മറുപടി. കായികമേഖലയ്ക്കായി ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പിടി ഉഷ പറഞ്ഞിരുന്നു.
വിവിധ മേഖലകളിൽ പ്രശസ്തരായ പിടി ഉഷ ഉൾപ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയിൽനിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അംഗമാണ് പിടി ഉഷ.
ചൊവ്വാഴ്ച ഉഷ പാർലമെന്റ് മന്ദിരത്തിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഭർത്താവ് വി. ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു.