ന്യൂഡൽഹി ∙ ഫാക്ട് ചെക്കിങ് വെബ്സൈറ്റ് ഓൾട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശ് പൊലീസ് റജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ സുബൈറിനു ഇന്നു പുറത്തിറങ്ങാം.
ഉത്തർപ്രദേശ് സർക്കാരിന്റെ കടുത്ത എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിനുള്ള പൊലീസിന്റെ അധികാരം മിതമായി പ്രയോഗിക്കാനുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സുബൈറിനെതിരായ എല്ലാ കേസുകളും ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലിനു കൈമാറണമെന്നും കോടതി നിർദേശിച്ചു. 2018ലെ ട്വീറ്റിന്റെ പേരിൽ ഡൽഹി പൊലീസ് എടുത്ത കേസിൽ സുബൈറിന് കഴിഞ്ഞ ദിവസം ഡൽഹി പട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഉത്തർപ്രദേശ് പൊലീസെടുത്ത രണ്ടു കേസിൽ റിമാൻഡിൽ ആയതിനാൽ സുബൈറിനു ജയിലിനു പുറത്തിറങ്ങാനായിരുന്നില്ല.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാല് വർഷം മുൻപുള്ള ട്വീറ്റുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് മുഹമ്മദ് സുബൈറിനെ ജൂൺ 27ന് അറസ്റ്റ് ചെയ്തത്. തുടർന്ന് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ സിതാപുരിലേക്ക് കൊണ്ടുപോകുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചിരുന്നു.