രൂപ എന്ത് കൊണ്ട് എക്കാലത്തെയും ഉയര്‍ന്ന ഇടിവ് നേരിടുന്നു

Advertisement

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയും അത് സൃഷ്ടിച്ച അടച്ച് പൂട്ടല്‍ പരമ്പരകള്‍ക്കും പിന്നാലെ രാജ്യം പതുക്കെ തിരിച്ച് വരവിന്റെ പാതയിലായിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ രൂപ എക്കാലത്തെയും ഉയര്‍ന്ന തിരിച്ചടി നേരിട്ടിരിക്കന്നത്.

ഈ പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന മൂല്യം രൂപ നേടിയത് ഇക്കൊല്ലം ആദ്യ പകുതിയില്‍ ആയിരുന്നു എന്നതും എടുത്ത് പറയേണ്ടതുണ്ട്. റഷ്യ -യുക്രൈന്‍ യുദ്ധത്തിനും മറ്റ് പല രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും ഇടയിലായിരുന്നു ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ അസംസ്‌കൃത എണ്ണ വില ഉയരാന്‍ തുടങ്ങി. ഇതോടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും ഇടിവ് സംഭവിച്ച് തുടങ്ങി.

രാജ്യത്ത് ഇതിനകം തന്നെ ഉയര്‍ന്ന പണപ്പെരുപ്പവും വളര്‍ച്ചാനിരക്കില്‍ പിന്നോട്ടടിയും ഉണ്ടായിക്കഴിഞ്ഞു. ഇത് ഭരണകര്‍ത്താക്കളില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.

റഷ്യ-യുക്രൈന്‍ യുദ്ധം, അസംസ്‌കൃത എണ്ണ വിലയിലെ വര്‍ദ്ധന, രാജ്യാന്തര ധനകാര്യ സ്ഥിതിയിലെ പ്രശ്‌നങ്ങള്‍ എന്നീ ആഗോള പ്രശ്‌നങ്ങളാണ്് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇത്രയും വലിയ ഇടിവുണ്ടാകാന്‍ കാരണമെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിട്ടീഷ് പൗണ്ടിലും ജപ്പാന്‍ യെന്നിലും യൂറോയിലും ഇന്ത്യന്‍ രൂപയെക്കാള്‍ ഇടിവുണ്ടായെന്നു മന്ത്രി പറഞ്ഞു. ഇക്കൊല്ലം ഈ കറന്‍സിക്കെതിരെ ഇന്ത്യന്‍ രൂപയ്ക്ക് കരുത്താര്‍ജ്ജിക്കാനായിട്ടുണ്ടെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചോദനയും വിതരണവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ രൂപയുടെ ഡോളറിനെതിരെയുള്ള മൂല്യം നിലനില്‍ക്കുന്നത്. അമേരിക്കന്‍ ഡോളറിന്റെ ആവശ്യം വര്‍ദ്ധിച്ചാല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകും. അസംസ്‌കൃത എണ്ണ വില വര്‍ദ്ധന, ഡോളര്‍ വിദേശത്ത് കരുത്താര്‍ജ്ജിച്ചത്, വിദേശ നാണ്യത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയാന്‍ പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്.

സാമ്പത്തിക നിയമം അനുസരിച്ച് ഒരു രാജ്യം അതിന്റെ കയറ്റുമതിയെക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഡോളറിന്റെ ആവശ്യകത വിതരണത്തെക്കാള്‍ വര്‍ദ്ധിക്കുന്നു. ആഭ്യന്തര കറന്‍സിയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു. ഇത് രൂപയുടെയും ഡോളറിന്റെയും വിനിമയ മൂല്യത്തില്‍ ഗണ്യമായ ഇടിവുണ്ടാക്കുന്നു.

അടുത്തിടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ ഡോളറിലുള്ളതിരിച്ച് വരവുകളുടെ മൂല്യം വര്‍ദ്ധിക്കുന്നു. ഇനിയും പലിശ നിരക്കില്‍ ഫെഡറല്‍ റിസര്‍വ് വര്‍ദ്ധന വരുത്തുമെന്നാണ് വിലയിരുത്തല്‍. ഇത് ഇന്ത്യന്‍ കറന്‍സിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കും.

ഇതിന് പുറമെ അസംസ്‌കൃത എണ്ണ വിലയും ഇന്ത്യന്‍ രൂപയെ ബാധിക്കും. കാരണം ഇന്ത്യ വന്‍തോതില്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നു. ഇതും ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ പിന്നോട്ടടിക്കും.

രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും കൂടുതല്‍ പണം നല്‍കേണ്ടി വരും. ഇത് ആത്യന്തികമായി ഉപഭോക്താക്കളിലേക്കായിരിക്കും എത്തിച്ചേരുക. കാറുകളെയും ഇലക്ട്രോണിക് വസ്തുക്കളെയും ഇത് ബാധിക്കും.

അതേസമയം രൂപയുടെ മൂല്യമിടിവില്‍ ചില നേട്ടങ്ങളുമുണ്ട്. നമ്മുടെ കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കൂടുതല്‍ വിദേശപണം ലഭിക്കും. റിസര്‍വ് ബാങ്ക് സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് വരികയാണ്. അവശ്യ ഘട്ടത്തില്‍ ഇടപെടുക തന്നെ ചെയ്യുമെന്നും ധനമന്ത്രി വിശദമാക്കി.

ഏതായാലും രൂപയുടെ മൂല്യത്തില്‍ ഇനിയും കൂടുതല്‍ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. അത് കൊണ്ട് തന്നെ റിസര്‍വ് ബാങ്കിന്റെ അടിയന്തര ഇടപെടല്‍ ആവശ്യവുമാണ്. രൂപയുടെ മൂല്യത്തകര്‍ച്ച നേരിടാന്‍ പല മാര്‍ഗങ്ങളും റിസര്‍വ് ബാങ്ക് പരീക്ഷിച്ച് വരികയാണ്.

Advertisement