ലഖ്‌നൗ: മൊറാദാബാദിലെ വ്യവസായിയും ഡോക്ടറുമായ അരവിന്ദ് ഗോയൽ തന്റെ മുഴുവൻ സ്വത്തും ഉത്തർപ്രദേശ് സർക്കാരിന് കൈമാറി.
600 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കൾ പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയാണ് യുപി സർക്കാരിന് കൈമാറിയത്.
താൻ 25 വർഷം മുമ്പെടുത്ത തീരുമാനമാണിതെന്ന് സ്വത്ത് കൈമാറിയ ശേഷം അരവിന്ദ് ഗോയൽ പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് മൊറാദാബാദിലെ 50 ഗ്രാമങ്ങൾ ദത്തെടുത്ത അരവിന്ദ് ഗോയൽ അവിടെയുള്ളവർക്ക് സൗജന്യ സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നു. പാവപ്പെട്ട കുടുംബത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസവും മെഡിക്കൽ സൗകര്യങ്ങളും ഒരുക്കി നൽകുന്നതിനാണിപ്പോൾ സ്വത്ത് മുഴുവൻ യുപി സർക്കാരിന് കൈമാറിയത്.
രാജ്യത്തുടനീളം അദ്ദേഹം 100-ലധികം കോളേജുകളും അഭയകേന്ദ്രങ്ങളും അനാഥാലയങ്ങളും നടത്തുന്നു. കോളേജുകളിൽ നിന്നുള്ള വരുമാനമാണ് അനാഥാലയങ്ങൾക്കായി ഉപയോഗിക്കുന്നത്. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്നടക്കം നാല് രാഷ്ട്രപതിമാരിൽ നിന്ന് സാമൂഹിക സേവനത്തിന് അരവിന്ദ് ഗോയൽ അംഗീകാരം നേടിയിട്ടുണ്ട്.
ഭാര്യ റേണു ഗോയലിനും അരവിന്ദിനും രണ്ട് ആൺ മക്കളും ഒരു മകളുമാണ് ഉള്ളത്.