രാഷ്ട്രപതിക്ക്‌ മാസശമ്പളം അഞ്ചുലക്ഷം രൂപ, സഞ്ചരിക്കാൻ 10 കോടിയുടെ കാർ

Advertisement

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രതിമാസം അഞ്ചുലക്ഷം രൂപയാണ്. താമസിക്കാൻ രാഷ്ട്രപതിഭവൻ. രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് റെയ്‌സിന കുന്നിൽ സ്ഥിതിചെയ്യുന്ന രണ്ടുലക്ഷം ചതുരശ്രയടിയുള്ള വസതി. നാലുനിലകൾ. 340 മുറികൾ. ലോകത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗികവസതികളിൽ ഏറ്റവും വലുതാണ് രാഷ്ട്രപതിഭവൻ. ഇതിനുപുറമേ ഷിംലയിലെ ‘റിട്രീറ്റ് ബംഗ്ലാവ്’, ഹൈദരാബാദിലെ ‘രാഷ്ട്രപതിനിലയം’ എന്നിങ്ങനെ രണ്ട് വസതികൾക്കൂടി രാഷ്ട്രപതിക്കുണ്ട്.

സുരക്ഷ

പ്രസിഡന്റ്‌സ് ബോഡിഗാർഡ് (പി.ബി.ജി.): പ്രതിരോധസേനകളിലെ ഏറ്റവും ഉന്നത യൂണിറ്റായ പി.ബി.ജി.ക്കാണ് സുരക്ഷാചുമതല

മെഴ്‌സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡിലാണ് രാഷ്ട്രപതിയുടെ യാത്ര. പ്രത്യേകം രൂപകല്പനചെയ്ത ഈ കവചിതവാഹനത്തിന് വെടിവെപ്പ്, ബോംബ് സ്ഫോടനം, വിഷവാതകാക്രമണം എന്നിവ തരണംചെയ്യാൻ സംവിധാനമുണ്ട്. 10 കോടിയോളംരൂപ വിലമതിക്കുന്ന വാഹനമാണിത്.

അത്യാധുനിക ബി-777 വി.വി.ഐ.പി. വിമാനത്തിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്ര. വ്യോമസേനാ പൈലറ്റുകളാണ് ഇവ പറത്തുന്നത്. മിസൈൽ പ്രതിരോധ സംവിധാനമായ ‘ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ’, സ്വയംസംരക്ഷണ സ്യൂട്ട്, അത്യാധുനിക ആശയവിനിമയസംവിധാനം തുടങ്ങിയ സവിശേഷതകൾ. പ്രത്യേക സുരക്ഷാസംവിധാനങ്ങളുള്ള ഇത്തരം രണ്ട് ബി-777 വിമാനങ്ങളുണ്ട്. സുരക്ഷാസംവിധാനങ്ങളുൾപ്പെടെ രണ്ട് വിമാനങ്ങൾക്കുമായി ആകെ 8,400 കോടി രൂപ ചെലവ്

വിരമിച്ചശേഷം മാസം ഒന്നരലക്ഷംരൂപ പെൻഷൻ.
ജീവിതപങ്കാളിക്ക് 30,000 രൂപ സഹായം.
ഫർണിഷ് ചെയ്ത ബംഗ്ലാവ്
ആജീവനാന്തം ചികിത്സ
രണ്ടു ടെലിഫോണും ഒരു മൊബൈൽഫോണും
അഞ്ച് പഴ്‌സണൽ സ്റ്റാഫ്. ശമ്പളത്തിനുപുറമെ ഇവരുടെ ചെലവിലേക്ക് വർഷം 60,000 രൂപ
സൗജന്യ വിമാന/തീവണ്ടി യാത്ര. തുടങ്ങിയ സൗകര്യങ്ങളാണ് രാഷ്ട്രപതിയെ കാത്തിരിക്കുന്നത്.