ലഖ്നൗ: മഴപെയ്യാൻ ഹോമം നടത്തിയ മനുഷ്യൻ പക്ഷേ ഇന്ദ്രനെതിരേ പരാതിയുമായി പോലീസ് സ്റ്റേഷൻ കയറുമെന്ന് വിചാരിച്ചില്ല.പറഞ്ഞു വരുന്നത് ഉത്തർപ്രദേശിൽ നടന്ന ഒരു വ‍്യത‍്യസ്തമായ സംഭവത്തെക്കുറിച്ചാണ്.
ഉത്തർപ്രദേശിലെ ഗോണ്ടാ ജില്ലയിലെ ജാല ഗ്രാമത്തിലുള്ള ഒരു കർഷകനാണ് സുമിത് കുമാർ യാദവ്. ഗോണ്ടാ ജില്ലയിൽ കഴിഞ്ഞ കുറേ മാസങ്ങളായി മഴ ലഭിക്കുന്നില്ല.
തന്മൂലം കൃഷിയാകെ നശിച്ചിരിക്കുകയാണ്. അടുത്തിടെ ഗ്രാമത്തിൽ പരാതി പരിഹാര ദിവസമായ “സമാധാൻ ദിവസ്’ ആഘോഷിച്ചു. ഗ്രാമീണരുടെ പരാതി തീർപ്പാക്കാൻ സർക്കാർ അധികൃതർ എത്തിയിരുന്നു.
ആദായ വകുപ്പിലെ ഉദ്യോഗസ്ഥനായ എൻ എൻ വെർമയ്ക്കാണ് സുമിത് കുമാർ പരാതി നൽകിയത്. പരാതിയിൽ ഇന്ദ്രൻ മഴ നൽകാത്തത് മൂലം കൃഷിയാകെ നശിച്ചെന്നും വെള്ളം ലഭിക്കാത്തതിനാൽ കാലികൾ ചത്തൊടുങ്ങുന്നെന്നും സ്ത്രീകളടക്കം സകലരും കഷ്ടപ്പെടുകയാണെന്നും ഉന്നയിച്ചിരിക്കുന്നു.
ആയതിനാൽ വേണ്ട നടപടി സ്വീകരിക്കണമെന്നും സുമിത് ആവശ്യപ്പെടുന്നു.ഏറ്റവും രസകരമായ കാര്യം പരാതി വായിച്ചു നോക്കാതെ തന്നെ വെർമ ഇത് ഡിഎം ഓഫീസിലേക്ക് അയച്ചു എന്നതാണ്. അതോടെ ഈ കത്ത് വൈറലായി.എന്നാൽ അത്തരമൊരു കത്ത് തൻറെ മുന്നിൽ എത്തിയിരുന്നില്ല എന്നാണിപ്പോൾ വെർമ പറയുന്നത്.