ന്യൂഡൽഹി: ഇന്ത്യയിൽ യോഗ്യരായ നാലു കോടി ആളുകൾ ഇതുവരെ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ.
ജൂലൈ 18 വരെയുള്ള കണക്കാണ് മന്ത്രി പുറത്തുവിട്ടത്. ജൂലൈ 18 വരെ സർക്കാർ കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ 1,78,38,52,566 വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി.
ജൂലൈ 18 വരെ ഇന്ത്യയിൽ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവരുടെ എണ്ണം നാലു കോടിയാണെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ.
ആരോഗ്യ പ്രവർത്തകർക്കും, കോവിഡ് മുൻനിര പോരാളികൾക്കും, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഈ വർഷം മാർച്ച് 16 മുതലും, 18 മുതൽ 59 വയസ്സ് പ്രായമുള്ളവർക്ക് ഏപ്രിൽ 10 മുതലും മുൻകരുതൽ ഡോസുകൾ സൗജന്യമായി ലഭ്യമാണ്.
18 വയസ് മുതലുള്ള എല്ലാവർക്കും സൗജന്യ മുൻകരുതൽ ഡോസുകൾ നൽകുന്നത് ജൂലൈ 15 മുതൽ ആരംഭിച്ചു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഭാഗമായി നടക്കുന്ന സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവത്തിൽ ‘കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവ്’ എന്ന പേരിൽ പ്രത്യേക വാക്സിൻ യജ്ഞവും നടത്തുന്നുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കനുസരിച്ച് ഇന്ത്യയിൽ 98 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേർ പൂർണമായി വാക്സിൻ എടുത്തിട്ടുണ്ടെന്നും കണക്കിൽ പറയുന്നു.