ബംഗാളിൽ ഫ്‌ളേവേർഡ് കോണ്ടം വിൽപ്പന കുത്തനെ ഉയർന്നു; കാരണം അറിയേണ്ടേ?

Advertisement

കൊൽക്കത്ത: ബംഗാളിലെ ചില പ്രദേശങ്ങളിൽ അടുത്തിടെ ഫ്‌ളേവേർഡ് കോണ്ടത്തിന്റെ വിൽപ്പനയിലുണ്ടായ വൻ വർധനവിന്റെ കാരണം അന്വേഷിച്ച പോലീസ് സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.

ദുർഗാപൂർ സിറ്റി, ബിധാൻനഗർ, മുച്ചിപ്പാറ, സി സോൺ, എ സോൺ എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ കോണ്ടം വിൽപ്പനയിൽ വലിയ വർധനവുണ്ടായത്. പത്തിരട്ടിയോളമാണ് കോണ്ടം വിൽപ്പനയിൽ വർധനവുണ്ടായതെന്ന് കച്ചവടക്കാർ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ കോണ്ടം മയക്കുമരുന്നായി ഉപയോഗിച്ചുവരുന്ന പ്രവണത വർധിച്ചുവരുന്നുവെന്നു കണ്ടെത്തിയത്. ഫ്‌ളേവേർഡ് കോണ്ടം ചൂട് വെള്ളത്തിൽ മുക്കിവെക്കുമ്പോൾ ലഭിക്കുന്ന പ്രത്യേകതരം ലഹരിയാണ് ഉപയോഗിക്കുന്നത്. ഫ്‌ളേവേർഡ് കോണ്ടത്തിൽ നിന്നു ലഭിച്ച ദ്രാവകം ഒരു ദിവസമോ അതിൽ കൂടുതലോ സൂക്ഷിച്ചുവെച്ച ശേഷം കുടിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കോണ്ടങ്ങളിൽ ആരോമാറ്റിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്പോൾ അത് വിഘടിച്ച്‌ പ്രത്യേക തരം ആൽക്കഹോൾ രൂപപ്പെടുന്നു. അത് ലഹരിയാണ്. കോണ്ടത്തിൽ ഉപയോഗിക്കുന്ന സുഗന്ധ സംയുക്തം ഡെൻഡ്രൈറ്റ് പശയിലും കാണപ്പെടുന്നു. നിരവധി ആളുകൾ ആസക്തിയ്ക്കും ഡെൻഡ്രൈറ്റ് ഉപയോഗിക്കുന്നുണ്ട്. ചൂടുവെള്ളത്തിൽ കോണ്ടം ദീർഘനേരം കുതിർക്കുന്നത് വലിയ ജൈവ തന്മാത്രകളെ ആൽക്കഹോൾ സംയുക്തങ്ങളായി വിഘടിപ്പിക്കുന്നതിനാൽ ലഹരിക്ക് കാരണമാകുന്നെന്ന് ഈ രംഗത്തെ വിദഗ്ധരും വ്യക്തമാക്കി.

10 മുതൽ 12 മണിക്കൂർ വരെ ഇതിന്റെ ലഹരി നീണ്ടും നിൽക്കും. യുവാക്കൾ ലഹരി കിട്ടാൻ ഇത്തരത്തിൽ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നത് ആദ്യമല്ലെന്നും ഇത് ഗുരുതര ശാരീരിക പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.