ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് രാഷ്ട്രപതി കസേരയിൽ ഇരുന്ന് ഔദ്യോഗികമായി ചുമതലേറ്റു. രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാവ് രാജ്യത്തിന്റെ അമരക്കാരിയാകുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ടപതിയെന്ന ഖ്യാതി കൂടി ദ്രൗപദി മുർമുവിന്റെ സ്ഥാനാരോഹണത്തിനുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമാണെന്ന് ദ്രൗപദി മുർമു രാഷ്ട്രപതിയായശേഷമുള്ള ആദ്യ പ്രസംഗത്തിൽ പറഞ്ഞു. രാജ്യം അർപ്പിച്ച വിശ്വാസമാണ് തന്റെ ശക്തിയെന്നും രാഷ്ട്രപതി പറഞഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രയത്‌നിക്കണമെന്നും അവർ പറഞ്ഞു. രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ലിമോസിനിൽ പാർലമെന്റിലേക്ക് ദ്രൗപതി മുർമു എത്തിച്ചേർന്നത്. പാർലമെന്റിലെ സെൻട്രൽ ഹാളിലെ ചടങ്ങിലാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകൾക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിക്കുന്നത്.
11.05നു രാഷ്ട്രപതി ഭവനിലെത്തി സേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. കാലാവസ്ഥ പ്രതികൂലമായതിനാൽ അശ്വരഥത്തിനു പകരം കാറിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവും മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദും രാഷ്ട്രപതിഭവനിൽനിന്നു പാർലമെന്റിലെത്തിയത്. ലോക്‌സഭാ സ്പീക്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി (രാജ്യസഭാ ചെയർമാൻ) എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. ഇതിനുശേഷം സെൻട്രൽ ഹാളിലേക്ക് ഇവരുവരെയും നയിച്ചു.
രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നിരയിൽ നിന്ന് പോലും വോട്ടുകൾ സമാഹരിച്ചാണ് 64 ശതമാനം പിന്തുണ ഈ 64 കാരി നേടിയത്. ആദിവാസി വിരുദ്ധമായ ബിജെപി സർക്കാരിന്റെ ബിൽ തിരിച്ചയച്ച ജാർഖണ്ഡ് ഗവർണറാണ് ദ്രൗപദി മുർമു. കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പദവിയിലേക്ക് പരിഗണിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും ദ്രൗപദി മുർമുവിനുണ്ട്.
ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്സണായി. 2015ൽ ദ്രൗപതിയെ ഝാർഖണ്ഡിന്റെ ഗവർണറായി നിയമിച്ചു. ഝാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ഗവർണറും ഝാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന പ്രത്യേകതയും ദ്രൗപദി മുർമുവിന് സ്വന്തമാണ്.
1958 ജൂൺ 20നാണ് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ ദ്രൗപതി മുർമു ജനിച്ചത്. ബിരാഞ്ചി നാരായൺ തുഡുവാണ് പിതാവ്. ആദിവാസി വിഭാഗമായ സാന്താൾ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമൻസ് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരൺ മുർമുവാണ് ഭർത്താവ്. രണ്ടാൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. ഭർത്താവും രണ്ടാൺകുട്ടികളും മരിച്ചു.