ന്യൂഡൽഹി: അവശ്യ മരുന്നുകളുടെ വിലകുറയ്‌ക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. അർബുദം ഹൃദ്രോഗം തുടങ്ങിയവയ്‌ക്കുള്ള മരുന്നുകൾക്കാകും ഇളവ് കൊണ്ടുവരുക.
മരുന്നു കമ്പനികളുമായി ഈ മാസം അവസാനം നടത്തുന്ന ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനം. അവശ്യമരുന്നുകളുടെ 2015-ലെ പട്ടിക പരിഷ്‌കരിക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനം എടുത്തിട്ടുണ്ട് .
മരുന്നു കമ്പനികളുമായി നടത്തുന്ന ചർച്ചയിൽ വില കുറയ്‌ക്കാനുള്ള ഒന്നിലധികം നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ടുവെയ്‌ക്കും. ജീവിതശൈലി രോഗങ്ങൾക്കും അർബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകൾക്കും നിലവിൽ 12 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. ഇതിലും മാറ്റമുണ്ടാകും. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന ചടങ്ങിൽ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം സർക്കാരിന്റെ ഭാഗത്ത് ഇതുവരെ ഉണ്ടായിട്ടില്ല.