താന്‍ സുഖമില്ലാതെ കിടന്നപ്പോള്‍ തനിക്കെതിരെ പാര്‍ട്ടിയില്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് ഉദ്ധവ് താക്കറെ

Advertisement


മുംബൈ;വിമതര്‍ ജീര്‍ണിച്ച ഇലകളെ പോലെയാണെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായി ശിവസേനയുടെ മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ഇലകള്‍ കൊഴിഞ്ഞ് പോകുന്നതാണ് മരത്തിന് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം പുതിയ ഇലകള്‍ വരും.

സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററും സേനയുടെ രാജ്യസഭാംഗവുമായ സഞ്ജയ് റൗത്ത് ആണ് ഉദ്ധവുമായി അഭിമുഖം നടത്തിയത്. തനിക്കെതിരെ പാര്‍ട്ടിയില്‍ നടന്ന കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് സേനാമേധാവി ബാലസാഹേബ് താക്കറയോടൊപ്പം പ്രവര്‍ത്തിച്ചവരുടെ പോലും അനുഗ്രഹാശിസുകള്‍ ുണ്ടായിരുന്നെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ പേര് പരാമര്‍ശിക്കാതെ താക്കറെ സൂചിപ്പിച്ചു.

കഴുത്തിലെ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം കഴുത്ത് ചലിപ്പിക്കാനാകാത്ത വിധത്തിലായിരുന്നു താന്‍. ചിലര്‍ തന്റെ ആരോഗ്യം തിരികെ കിട്ടാന്‍ പ്രാര്‍ത്ഥിച്ചതായുള്ള വാര്‍ത്തകള്‍ വന്നു. അതേ സമയം താന്‍ അതു പോലെ തന്നെ തുടരണമെന്ന പ്രാര്‍ത്ഥനയിലും ആയിരുന്നു. ആ സമയത്ത് തനിക്കെതിരെ വലിയ തോതില്‍ ഗൂഢാലോചന നടന്നു. താന്‍ വേദനാജനകമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം ജീവിച്ചു. താന്‍ പാര്‍ട്ടിയെ പോലെ തന്നെ ചിലരെ വിശ്വസിച്ചു. അവരെ തനിക്കൊപ്പം തന്നെ വളര്‍ത്തി പാര്‍ട്ടിയിലെ രണ്ടാമനാക്കി. പാര്‍ട്ടി അവരുടെ കയ്യില്‍ സുരക്ഷിതമായിരിക്കുമെന്ന് കരുതി. എന്നാല്‍ ആ വിശ്വാസം നിങ്ങള്‍ തകര്‍ത്തു.

തങ്ങള്‍ ഹിന്ദുത്വം ഉപേക്ഷിട്ടില്ലെന്നും താക്കറെ വ്യക്തമാക്കി. ഷിന്‍ഡെ പക്ഷമാണ് പ്രധാനമായും ഇത്തരമൊരു ആക്ഷേപം ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ ആരാണ് ഇത്തരമൊരു നിലവിളി ഉയര്‍ത്തുന്നതെന്നും താക്കരെ ചോദിച്ചു. 2014ല്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചപ്പോള്‍ തങ്ങള്‍ ഹിന്ദുത്വം ഉപേക്ഷിച്ചോ എന്നും താക്കറെ ചോദിച്ചു.

മഹാരാഷ്്ട്രയിലെ ഇപ്പോഴത്തെ നാടകത്തിന് ആയിരം കോടി ചെലവിട്ടെന്ന് കേട്ടു. ഇതിലൂടെ മഹാവികാസ് ആഘാടി സഖ്യത്തെ തകര്‍ത്ത് ഷിന്‍ഡെ മുഖ്യമന്ത്രിയായി. മാന്യമായി പറഞ്ഞിരുന്നെങ്കില്‍ സഖ്യ കക്ഷിയെന്ന നിലയില്‍ മുഖ്യമന്ത്രി പദവും ആദരവോടെ നല്‍കുമായിരുന്നുവെന്നും താക്കറെ വ്യക്തമാക്കി.

ബിജെപിയ്ക്കും വിമതര്‍ക്കും തങ്ങളെ തകര്‍ക്കുക എന്നതാണ് അജണ്ടയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ എന്ന വഞ്ചിച്ചു. പാര്‍ട്ടി പിളര്‍ത്തി. സ്വന്തം മാതാപിതാക്കളുടെ ചിത്രം കാട്ടി വോട്ട് പിടിക്കണം. ശിവസേനയുടെ പിതാവ് ബാലാസാഹേബിന്റെ ചിത്രം കാട്ടി വോട്ട് തെണ്ടുന്നത് അവസാനിപ്പിക്കണം. ദൗര്‍ഭാഗ്യവശാല്‍ എന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍വിമതരുടെ അച്ഛനമ്മമാര്‍ ഉണ്ടല്ലോ. അവരുടെ അനുഗ്രഹം തേടണം. എന്റെ പിതാവിനെ എന്തിന് മോഷ്ടിക്കണം. നിങ്ങള്‍ ചതിയനാണ്. കോണ്‍ഗ്രസില്‍ നിന്ന് സര്‍ദാര്‍പട്ടേലിനെ മോഷ്ടിച്ചപ്പോലെ തന്റെ പിതാവിനെയും മോഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. ഒരിക്കലും അത് അനുവദിക്കില്ല. യഥാര്‍ത്ഥ ശിവസേനകര്‍ അത് അനുവദിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.

Advertisement