ന്യൂഡൽഹി: കുട്ടികൾക്കായി പോളിയോ (polio), ഹെപ്പറ്റൈറ്റിസ്(hepatitis), മറ്റ് വാക്‌സിനുകൾ എന്നിവ ബുക്ക് ചെയ്യാൻ ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ രജിസ്ട്രേഷനായി ഉപയോഗിച്ചിരുന്ന കൊവിൻ (CoWIN) പോർട്ടൽ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു.
‘ഇതിനായി കൊവിൻ പോർട്ടൽ പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ കൊവിൻ വഴി വാക്സിനുകളുടെ ബുക്കിംഗ് നടത്താനാകുമെന്ന്’ നാഷണൽ ഹെൽത്ത് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ആർ.എസ്. ശർമ്മ പറഞ്ഞു,
സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. ആർ.എസ്. ശർമ്മ. ഇദ്ദേഹം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡയറക്ടർ ജനറലും മിഷൻ ഡയറക്ടറുമായിരിക്കെയാണ് രാജ്യത്ത് ആധാർ നടപ്പിലാക്കിയത്. ഇതിന് പുറമെയാണ് അദ്ദേഹം കൊവിൻ അവതരിപ്പിച്ചത്.
‘സാർവത്രിക രോഗപ്രതിരോധ പദ്ധതിക്ക് വേണ്ടി ഈ പ്ലാറ്റ്‌ഫോമിൽ ചില മാറ്റങ്ങൾ വരുത്തുകയാണ്. എന്നാൽ കൊവിൻ പോർട്ടലിന്റെ സവിശേഷതകൾ അങ്ങനെ തന്നെ നിലനിർത്തും. അതേസമയം, പ്രതിരോധ കുത്തിവയ്പ്പുകൾ എത്രത്തോളം ആളുകൾക്ക് ലഭ്യമായെന്ന് കണക്കാക്കാൻ ഇത് രാജ്യത്തിന് പ്രയോജനകരമാകും, ”അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്സിനുകളുടെ കാര്യത്തിലെന്നപോലെ, രക്ഷിതാക്കൾക്ക് കൊവിൻ മറ്റ് വാക്‌സിനുകൾ സംബന്ധിച്ചുള്ള സന്ദേശങ്ങൾ അയക്കുന്നത് തുടരും. ‘ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിയുടെ പോളിയോ വാക്‌സിൻ മാറ്റിവെയ്ക്കുകയോ എടുക്കാതിരിക്കുകയോ ആണെങ്കിൽ, മാതാപിതാക്കൾക്ക് ഇക്കാര്യം ഓർമ്മപ്പെടുത്തികൊണ്ട് കൊവിൻ സന്ദേശങ്ങൾ അയയ്ക്കുമെന്ന് ശർമ്മ പറഞ്ഞു.
‘ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ കവറേജ് എത്രത്തോളമുണ്ടെന്ന് മനസിലാക്കുന്നതിനും വിവരങ്ങൾ വീണ്ടെടുക്കുന്നതിനും പ്ലാറ്റ്‌ഫോം സഹായിക്കും. എന്നാൽ കൊവിന്റെ അടിസ്ഥാന പ്രവർത്തനം അതേപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ സമീപത്തുള്ള എല്ലാ ആശുപത്രികളിലെയും വാക്‌സിനേഷൻ ലഭ്യത പ്ലാറ്റ്‌ഫോമിൽ കാണിക്കും. മൊബൈൽ നമ്പർ നൽകി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്, ശർമ്മ കൂട്ടിച്ചേർത്തു. ഇതിന് പുറമെ, പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയ ശേഷം ഉപയോക്താക്കൾക്ക് പോർട്ടലിൽ നിന്ന് ഡിജിറ്റൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും കഴിയും.
ലോകമെമ്പാടും അതിവേഗം വളരുന്ന ടെക് പ്ലാറ്റ്ഫോം എന്ന് അവകാശപ്പെടുന്ന കൊവിൻ ഒരു ദിവസം 250 ലക്ഷം വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇത് വെബ്സൈറ്റിനെ എല്ലാവർക്കുമിടയിൽ എത്തിച്ചു. ഇന്ത്യ ഗയാനയുമായി പ്ലാറ്റ്ഫോം പങ്കിട്ടിട്ടുണ്ടെന്നും ഇതിന്റെ ഉപയോഗം സംബന്ധിച്ച് മറ്റ് നിരവധി രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ശർമ്മ പറഞ്ഞു.
‘ഓരോ രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഈ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് ഞങ്ങൾ നിരവധി രാജ്യങ്ങളെ ബോധവൽക്കരിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. അതിന് അവർ ആദ്യം ഈ സാങ്കേതികവിദ്യ എന്താണെന്ന് മനസ്സിലാക്കണം. പ്ലാറ്റ്ഫോമിന്റെ അടിസ്ഥാന തത്വങ്ങളെ മറ്റ് രാജ്യങ്ങൾ ഒരു ഓപ്പൺ സോഴ്സായി ഉപയോഗിക്കുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരുടെ സമൂഹത്തിന് വേണ്ടി ഇത്തരം ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.