ന്യൂഡല്‍ഹി: സോണിയാഗാന്ധിയും സ്മൃതി ഇറാനിയും തമ്മില്‍ എന്താണ് പ്രശ്‌നം? ഇരുവരും തമ്മിലുള്ള വാക്‌പോരാണ് ദേശീയ മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം.
കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് വിളിച്ചത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശത്തില്‍ സോണിയാ ഗാന്ധി മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. രാജ്യത്തെ പരമോന്നത പദവിയിലുള്ള ഒരു വനിതയെ അപമാനിക്കാന്‍ സോണിയ ഗാന്ധി അനുമതി നല്‍കിയെന്നായിരുന്നു സ്മൃതിയുടെ ആരോപണം.
പിന്നാലെ സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയും സഭ നിര്‍ത്തി വയ്‌ക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്നായിരുന്നു സോണിയയും സ്മൃതിയും തമ്മില്‍ കൊമ്പുകോര്‍ത്തത്. സഭ പിരിഞ്ഞതിന് ശേഷം ബിജെപി എംപി രമാദേവിയുമായി സംസാരിച്ച് നില്‍ക്കെ സ്മൃതി ഇറാനി ഇടപെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതാണ് തുറന്ന വാക്‌പോരിലേക്ക് നയിച്ചത്. അധീര്‍ രഞ്ജന്‍ ചൗധരി ഇതിനകം തന്നെ മാപ്പ് പറഞ്ഞു കഴിഞ്ഞു.
എന്താണ് തന്റെ തെറ്റെന്ന് രമാദേവിയോട് സോണിയ ചോദിച്ചു. ഇവരുടെ ഇടയിലേക്ക് എത്തിയ സ്മൃതി ദേഷ്യത്തോടെ വിരല്‍ ചൂണ്ടി സോണിയയോട് സംസാരിച്ചു. താന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ലെന്നും സോണിയയോട് കയര്‍ത്തു. മുതിര്‍ന്ന ഒരംഗം മറ്റൊരംഗത്തോട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. സോണിയ സ്മൃതിയോട് കയര്‍ക്കുകയായിരുന്നുവെന്നാണ് ബിജെപി വൃത്തങ്ങള്‍ ആരോപിക്കുന്നത്.
ഏതായാലും രണ്ട് സ്ത്രീകള്‍ തമ്മില്‍ സഭയില്‍ വച്ച്് ഇത്തരത്തില്‍ ഏറ്റുമുട്ടുകയും മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും വിവാദമാക്കുകയും ചെയ്യുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന് തെല്ലും ഭൂഷണമല്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വഭാവികമാണ്. അത് തുറന്ന് പ്രകടിപ്പിക്കുകയും ആകാം. അതിനപ്പുറത്തേക്ക് കവലചട്ടമ്പിത്തരത്തിലേക്ക് അത് പോകുന്നത് ഉചിതമാണോയെന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ഇത് ഊതി വീര്‍പ്പിക്കാന്‍ നടക്കുന്ന മാധ്യമങ്ങള്‍ക്കും അല്‍പ്പം ആത്മസംയമനം ആകാം.