സ്മൃതി ഇറാനിയുടെ മകളുടെ ബാര്‍ വിവാദം: ബാര്‍ തങ്ങളുടേതെന്ന് ഗോവയിലെ കുടുംബം
പനാജി: ഗോവയിലെ അസാന്‍ജോയിലുള്ള സില്ലി സോള്‍സ് കഫെ ആന്‍ഡ് ബാര്‍ നടത്തുന്നത് സ്മൃതി ഇറാനിയുടെ മകളാണെന്നും ഇതിന്റെ ലൈസന്‍സ് അനധികൃതമായി മരിച്ച ഒരാളുടെ പേരില്‍ പുതുക്കിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വിവാദങ്ങള്‍ പുത്തന്‍ മാനങ്ങളിലേക്ക് കടക്കുന്നു. ബാര്‍ പൂര്‍ണമായും തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ഗോവയിലെ ഒരു കുടുംബം രംഗത്ത് എത്തി. ഇതില്‍ മറ്റാര്‍ക്കും പങ്കാളിത്തമില്ലെന്നും ഈ കുടുംബം സംസ്ഥാന എക്‌സൈസ് കമ്മീഷണറെ അറിയിച്ചു.
ഗോവ എക്‌സൈസ് കമ്മീണര്‍ നാരായണ എം ഗാഡിന്റെ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. മെറിലിന്‍ ആന്റണി ഡി ഗാമയും അവരുടെ മകന്‍ ഡീന്‍ ഡി ഗാമയുമാണ് ബാര്‍ തങ്ങളുടെതാണെന്ന് വ്യക്തമാക്കിയത്. സംസ്ഥാനത്തെ മദ്യ നിയമങ്ങള്‍ ഒന്നും തന്നെ തങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഇവര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഐരിസ് റോഡ്രിഗസ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഈ കുടുംബത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഹോട്ടലിനോട് ചേര്‍ന്നുള്ള ബാറിന്റെ ലൈസന്‍സ് 2021 ല്‍ മരിച്ച് പോയ ആന്റണി റോഡ്രിഗസിന്റെ പേരില്‍ പുതുക്കിയെന്ന് കാട്ടിയാണ് ഇയാള്‍ പരാതി നല്‍കിയത്. ബൃഹത് മുംബൈ കോര്‍പ്പറേഷന്‍ നല്‍കിയ അദ്ദേഹത്തിന്റെ മരണസര്‍ട്ടിഫിക്കറ്റും പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്നു.
പരാതിയില്‍ ഒരാഴചക്കകം മറുപടി നല്‍കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആന്റണി ഡി ഗാമ മെര്‍ലിന്റെ ഭര്‍ത്താവാണെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കുടുംബം വ്യക്തമാക്കി. ജൂണ്‍ 22ന് ലൈസന്‍സ് തങ്ങളുടെ പേരിലേക്ക് മാറ്റണമെന്ന് കാട്ടി അപേക്ഷ നല്‍കിയിരുന്നു. മരണം വ്യക്തമാക്കാന്‍ ഇതിനൊപ്പം ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ ഇത് മാറ്റി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും മകന്‍ പറഞ്ഞു. പിതാ്വ് മരിച്ച ശേഷം ആദ്യമായി പുതുക്കിയ ലൈസന്‍സില്‍ മകന്‍ ഡീന്‍ തന്നെയാണ് ഒപ്പ് വച്ചിരുന്നത്. ഇതില്‍ പിതാവിന്റെ പേരിന് മുന്‍പ് മരിച്ച എന്ന് ചേര്‍ക്കാന്‍ വിട്ടുപോയിരുന്നു. ഇത് മനഃപൂര്‍വമല്ലെന്നും ഇവര്‍ വ്യക്തമാക്കി.