രാജ്യത്ത് ഉഷ്ണതരംഗദിനങ്ങളുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനവ്

Advertisement

ന്യൂഡൽഹി: 2021നെ അപേക്ഷിച്ച്‌ രാജ്യത്ത് ഓരോ വർഷവും ഉഷ്ണതരംഗദിനങ്ങളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

2022ൽ രാജ്യത്ത് ആകെ 203 ഉഷ്ണതരംഗ ദിവസങ്ങളാണ് രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. 28 ദിവസമായിരുന്നു ഉത്തരാഖണ്ഡിലെ ഉഷ്ണതരം​ഗ പ്രതിഭാസത്തിന്റെ ദെെർഘ്യം.

26 ദിവസം ശേഷിക്കെ രാജസ്ഥാനാണ് തൊട്ടുപിന്നിലുള്ളത്. പഞ്ചാബ്, ഹരിയാന (24), ഝാർഖണ്ഡ് (18), ഡൽഹി (17) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ അത്യുഷ്ണമുള്ള ദിനങ്ങളുടെ എണ്ണം റിപ്പോർട്ട് ചെയ്തത്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ ദിനങ്ങളുടെ എണ്ണത്തിൽ 12 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അസം, ഹിമാചൽ പ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ വർഷം ഉഷ്ണതരംഗം രേഖപ്പെടുത്തിയിട്ടില്ല. 2011ന് ശേഷം അസമിലും ഹിമാചൽ പ്രദേശിലും ഉഷ്ണതരംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭൗമശാസ്ത്ര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മലയോര മേഖലകളിൽ താപനില 30 ഡിഗ്രി സെൽഷ്യസും തുറസ്സായ പ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കപ്പെടുക. തീരപ്രദേശങ്ങളിൽ പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ കടന്നാൽ അത് ഉഷ്ണ തരംഗമായി കണക്കാക്കപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

Advertisement