മോദിയുടെ ആഹ്വാനം അതേപടി അനുസരിച്ചു; പ്രൊഫൈൽ ചിത്രം മാറ്റി രാഹുലും പ്രിയങ്കയും

Advertisement

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്‌ ഓഗസ്റ്റ് രണ്ടുമുതൽ 15 വരെ എല്ലാവരും സാമൂഹ്യമാദ്ധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ ട്വിറ്ററിലെ ചിത്രം മാറ്റി രാഹുൽ ഗാന്ധി.

ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ, ഓഗസ്റ്റ് 13 മുതൽ 15 വരെ സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ ക്യാംപെ‌യിനിന്റെ ഭാഗമായാണ് പ്രൊഫൈൽ ചിത്രം മാറ്റാൻ പ്രധാനമന്ത്രി നിർദേശിച്ചത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു ദേശീയ പതാകയേന്തി നിൽക്കുന്ന ചിത്രമാണ് രാഹുൽ ഗാന്ധി തന്റെ ട്വിറ്റർ‌ പ്രൊഫൈൽ ആക്കിയത്. ദേശത്തിന്റെ അഭിമാനമാണ് ത്രിവർണപതാകയെന്നും എല്ലാ ഇന്ത്യൻ പൗരൻമാരുടെ ഹൃദയത്തിലും പതാകയ്ക്ക് സ്ഥാനമുണ്ടെന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഹിന്ദിയിലായിരുന്നു കുറിപ്പ് പങ്കുവച്ചത്.

രാഹുലിനൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയും പ്രൊഫൈൽ ചിത്രം മാറ്റിയിട്ടുണ്ട്. നെഹ്‌റു പതാകയേന്തി നിൽക്കുന്ന ചിത്രമാണ് പ്രിയഹ്കയുടെയും പ്രൊഫൈലിൽ കാണുന്നത്. വിശിഷ്ടമായ ത്രിവർണ പതാക എന്നും ഉയർന്നുതന്നെ നിൽക്കുമെന്ന കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്.

സ്വന്തം സോഷ്യൽ മീഡിയ പേജുകളിൽ ദേശീയ പതാക പ്രൊഫെെൽ ചിത്രമാക്കിയെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു.’ഇന്ന് വളരെയേറെ പ്രത്യേകതയുള്ള ദിനമാണ്. ഞാൻ എന്റെ സോഷ്യൽ മീഡിയ പേജുകളിലെ പ്രൊഫെെൽ ചിത്രം മാറ്റി, നിങ്ങളോട് ഇങ്ങനെ ചെയ്യാൻ അഭ്യർത്ഥിക്കുന്നു’- മോദി ട്വിറ്ററിൽ കുറിച്ചു.

‘മൻ കീ ബാത്ത്’ റേഡിയോ പ്രഭാഷണത്തിലാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളിൽ മൂന്നു ദിവസം പതാക ഉയർത്താനും രണ്ടാഴ്ച സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രമാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ആഹ്വാനം ചെയ്‌തത്.

‘ത്രിവർണ്ണ പതാക രൂപകല്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് രണ്ട്. അദ്ദേഹത്തിന് പ്രണാമം. വലിയ വിപ്ലവകാരിയായിരുന്ന മാഡം കാമയെയും ഓർക്കുന്നു’- മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.