സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിതിന്റെ പേര്‌ ശുപാര്‍ശ ചെയ്തു

Advertisement

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിതിന്റെ പേര്‌ ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് പിന്‍ഗാമിയുടെ പേര്‌ കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്.

ഈ മാസം 26-നാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിരമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ 49-ാമത്തെ ചീഫ് ജസ്റ്റിസിന്റെ പേര്‌ അദ്ദേഹം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഒരു ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് 30 ദിവസം മുമ്പ് പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അത് വൈകിച്ചു. ഇതോടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നിലവിലെ ചീഫ് ജസ്റ്റിസിനോട് തന്റെ പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണ് സീനിയോറിറ്റിയില്‍ രണ്ടാം സ്ഥാനത്തുള്ള ലളിതിനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഓഗസ്റ്റ് 27-ന് പുതിയ ചീഫ് ജസ്റ്റിസായി യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്യും. നവംബര്‍ 5-ന് അദ്ദേഹം വിരമിക്കും. വളരെ കുറഞ്ഞ കാലയളവില്‍ മാത്രമാവും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവിയില്‍ അദ്ദേഹം ഉണ്ടാകുക.

Advertisement