മകളെ അമ്മ എറിഞ്ഞുകൊന്നു

Advertisement

ബംഗളൂരു: അഞ്ച് വയസുകാരിയെ അമ്മ എറിഞ്ഞുകൊന്നു. നാലാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് ബുദ്ധിമാന്ദ്യമുള്ള കുഞ്ഞിനെയാണ് എറിഞ്ഞു കൊന്നത്.

ദാരുണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതൽ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാൻ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു റെയിൽവേ സ്‌റ്റേഷനിൽ കുട്ടിയെ അവർ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാൽ, ഇവരുടെ ഭർത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടിൽ തിരികെ എത്തിച്ചു.

നാലാം നിലയിൽ നിന്നാണ് കുഞ്ഞിനെ സുഷമ താഴേക്ക് എറിഞ്ഞത്. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ ഇവരും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും, ഇവരെ അയൽവാസികൾ ചേർന്ന് തടയുകയായിരുന്നു. സംഭവത്തിന്റെ ഭീകര ദൃശ്യം സിസിടിവിയിൽ വ്യക്തമാണ്. കുട്ടിയുടെ ആരോഗ്യം മോശമായതിനാൽ അമ്മ സുഷമ ഏറെ നാളായി വിഷാദത്തിലായിരുന്നു.

കുഞ്ഞുമായി ബാൽക്കണിയിലെത്തുന്ന യുവതി കുറച്ചു നേരം പരിസരം വീക്ഷിച്ചുകൊണ്ട് നടക്കുന്നതാണ് ദൃശ്യങ്ങളിൽ. പിന്നാലെ കുട്ടിയെ താഴെയിടാൻ ഒരു ശ്രമം നടത്തുന്നു. എന്നാൽ അമ്മയെ കെട്ടിപ്പിടിച്ച് ചേർന്ന് നിൽക്കുന്ന കുഞ്ഞിന് താഴേക്കിടാതെ വീണ്ടും അവർ എടുത്ത് നടന്നു. കുറച്ചുനേരം നിലത്ത് നിർത്തി നടന്നു. ഒന്നുമറിയാതെ കുഞ്ഞ് ആഹ്ളാദത്തിൽ നടക്കുന്ന ഹൃദയഭദകമായ കാഴ്ചയും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

പിന്നാലെ വീണ്ടും കുഞ്ഞിനെയെടുത്ത് അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പിച്ച് കുഞ്ഞിനെ താഴേക്കിടുകയായിരുന്നു. പിന്നാലെ താഴേക്ക് ചാടാൻ ആയുന്ന യുവതി എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കുന്നതും പിന്നാലെ അയൽവാസികൾ അവരെ പിന്തിരിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മരിച്ച കുട്ടിയുടെ പിതാവ് ടിസിഎസിൽ എൻജിനീയറായിരുന്നു. അമ്മ സുഷമ ദന്തഡോക്ടറാണ്. സമ്പംഗിരാമ നഗറിലെ അദ്വിത് അപ്പാർട്ട്‌മെന്റിലാണ് സംഭവം. അമ്മയ്‌ക്കെതിരെ സമ്പങ്കിരാമനഗർ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.