ഒരിക്കല്‍ കൊലയാളി, ഇപ്പോള്‍ ആരാധകരുടെ പ്രിയ നടന്‍, രാജ്യത്തെ കൊടുംകുറ്റവാളി മൂന്ന് പതിറ്റാണ്ടിന് ശേഷം അറസ്റ്റിലായത് ഇങ്ങനെ

Advertisement


ചണ്ഢിഗഢ്: അറുപത്തഞ്ചുകാരനായ പാഷ എന്നറിയപ്പെടുന്ന ഓം പ്രകാശിന് അന്നും ഒരു സാധാരണ ദിവസമായിരുന്നു. വരാനിരിക്കുന്ന ഒരു ഹിന്ദി സിനിമയിലെ തന്റെ വേഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം. പെട്ടെന്നാണ് ഹരിയാനയില്‍ നിന്നുള്ള ഒരു സംഘം പൊലീസുകാര്‍ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയത്. മുപ്പത് വര്‍ഷം മുമ്പ് നടന്ന ഒരു കൊലപാതകത്തിലെ പ്രതിയെ തേടിയാണ് അവര്‍ വന്നത്.

മുപ്പത് വര്‍ഷം മുമ്പ് നടന്ന ഒരു കൊലപാതകത്തിലെയും കവര്‍ച്ചയിലെയും പ്രതി പൊലീസുകാരുടെ മൂക്കിന് താഴെ ഉണ്ടായിരുന്നു ഇത്രനാളും. തൊട്ടടുത്ത് ഉത്തര്‍പ്രദേശില്‍ ഇയാള്‍ താമസിക്കുകയും അവിടുത്തെ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതില്‍ മൂന്ന് മക്കളുമുണ്ട്. പതിനഞ്ച് വര്‍ഷമായി ഇയാള്‍ ഇവിടുത്തെ പ്രാദേശിക സിനിമകളില്‍ അഭിനയിച്ചും വരുന്നു. ചിത്രങ്ങളിലൊന്നില്‍ ഇയാള്‍ക്ക് പൊലീസ് വേഷമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇയാളുടെ ഭാഗ്യങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്തു. എണ്‍പതുകളുടെ മധ്യത്തിലും അവസാനത്തോടുമാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തത്. ഇയാള്‍ കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് മോഷ്ടിച്ചിരുന്നത്. ഇയാള്‍ ജയിലിലാകുകയും ചെയ്തു. ജയില്‍മോചിതനായ ഇയാള്‍ സൈനിക സേവനവും നടത്തി. 1988ല്‍ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അകാരണമായി ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. പന്ത്രണ്ട് വര്‍ഷം നീണ്ട സൈനിക സേവനത്തിനാണ് അതോടെ അന്ത്യമായത്.

ഹരിയാനയിലെ ഭിവാനിയില്‍ 1992 ജനുവരി പതിനഞ്ചിന് ഇയാളും സഹായിയും ചേര്‍ന്ന് നടത്തിയ മോഷണത്തിനിടെ ഒരു ബൈക്ക് യാത്രികനെ കുത്തി കൊന്നു. എന്നാല്‍ കൊലപാതകത്തിന് ശേഷം ഇയാള്‍ ഇവിടം വിടുകയും പുതിയൊരു ജീവിതം തുടങ്ങുകയും ചെയ്തു. ഇതിനിടെ പല ജോലികളും ചെയ്തു. അങ്ങനെയാണ് അഭിനയത്തിലേക്കും എത്തിയത്. 28 ചിത്രങ്ങളില്‍ ഇയാള്‍ അഭിനയിച്ചതായി പൊലീസ് പറഞ്ഞു.

ചില കേസുകള്‍ അവസാനിപ്പിക്കാനായി ഹരിയാന പൊലീസിലെ കര്‍മ്മസേന നടത്തിയ അന്വേഷണങ്ങളാണ് ഒടുവില്‍ ഓം പ്രകാശിനെ കുരുക്കിയത്. ഇയാളെ പൊലീസ് മോസ്റ്റ് വാണ്ടണ്ട് ക്രിമിനലുകളുടെ പട്ടികയില്‍ പെടുത്തുകയും ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇയാള്‍ വലിയൊരു അബദ്ധം കാട്ടി. എല്ലാരേഖകളും പുതുതായി ചമച്ചെങ്കിലും അതിലെല്ലാം ഇയാളുടെയും ഇയാളുടെ അച്ഛന്റെയും യഥാര്‍ത്ഥ പേരുകളാണ് നല്‍കിയത്. രണ്ട് മാസം മുമ്പ് ഇയാള്‍ പാനിപ്പത്തിലുള്ള സഹോദരനെ വാട്‌സ് ആപ്പില്‍ വിളിച്ചതോടെയാണ് പൊലീസ് ഇയാളെ കുറിച്ച് മണത്തറിഞ്ഞത്. ഇയാളുടെ നമ്പര്‍ കിട്ടിയതോടെ ഇയാള്‍ എവിടെയുണ്ടെന്നും പൊലീസിന് മനസിലാക്കാനായി. തുടര്‍ന്നാണ് നാടകീയമായി അറസ്റ്റ് നടത്തിയത്.