ആശുപത്രിയിൽ പ്രവേശിപ്പിച്ച മകളെ കൊല്ലാൻ പിതാവിന്റെ ക്വട്ടേഷൻ, ഒരു ലക്ഷം നൽകിയപ്പോൾ ഡോക്ടറുടെ വേഷത്തിൽ കൊലയാളി ഐ സി യുവിൽ

Advertisement

ലക്നൗ : പ്രണയ ബന്ധത്തിൽ നിന്നും മകൾ പിന്മാറാത്തതിനെ തുടർന്ന് മകളെ കൊലപ്പെടുത്താൻ തീരുമാനിച്ച്‌ പിതാവ്.

ഒരു ലക്ഷം രൂപയ്ക്കാണ് മകളെ കൊലപ്പെടുത്താൻ യു പി സ്വദേശിയായ നവീൻ കുമാർ വാടക കൊലയാളിയെ ഏർപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവുൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയോടെ നവീൻ കുമാർ മകളെ കങ്കർഖേഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ആരോഗ്യ നില വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കുരങ്ങുകളുടെ ഉപദ്രവത്തെ തുടർന്ന് വിടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റു എന്നാണ് ഇയാൾ ആശുപത്രിയിൽ പറഞ്ഞത്. ആശുപത്രിയിലെ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ വലിയ അളവിൽ പൊട്ടാസ്യം ക്ലോറൈഡ് കണ്ടെത്തി, ദുരൂഹത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക പദ്ധതിയുടെ ചുരുളുകൾ അഴിഞ്ഞത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ വാടക കൊലയാളി ഡോക്ടറുടെ വേഷത്തിലെത്തിയാണ് പെൺകുട്ടിയുടെ ശരീരത്തിൽ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവച്ചത്. ഇതിന് അയാൾക്ക് ആശുപത്രി ജീവനക്കാരുടെ സഹായവും ലഭിച്ചിരുന്നു. വാർഡ് ബോയ് നരേഷ് കുമാർ, ആശുപത്രിയിലെ ഒരു വനിതാ ജീവനക്കാരി എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളാണ് കേസ് അന്വേഷണത്തിൽ പൊലീസിന് സഹായകരമായത്. ഡോക്ടറായി വേഷമിട്ട നരേഷ് കുമാർ ജീവനക്കാരിയുടെ സഹായത്തോടെ ഐസിയുവിൽ പ്രവേശിച്ച്‌ കുത്തിവയ്പ്പ് നൽകുകയായിരുന്നു.