ഭോപ്പാല്‍: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്്ത്രീകള്‍ക്ക് പകരം അവരുടെ കുടുംബങ്ങളിലെ പുരുഷന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തതായി റിപ്പോര്‍ട്ട്. മിക്കസ്ത്രീകളുടെയും ഭര്‍ത്താക്കന്‍മാരാണ് അവര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്തത്. മധ്യപ്രദേശിലാണ് സംഭവം.
സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ധര്‍, ദമോഹ്, സാഗര്‍, പന്ന, രേവ തുടങ്ങിയ പഞ്ചായത്തുകളിലാണ് സ്ത്രീകള്‍ക്ക് പകരം പുരുഷന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഭര്‍ത്താക്കന്‍മാര്‍, അച്ഛന്‍മാര്‍, സഹോദരന്‍മാര്‍ എന്നിവരും സ്ത്രീകള്‍ക്ക് വേണ്ടി സത്യപ്രതിജ്ഞ ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
ഇത് യാതൊരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും നിയമലംഘനമാണെന്നും പഞ്ചായത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉമാകാന്ത് ഉംറാവു പറഞ്ഞു. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ ജയ്‌സി നഗര്‍ ഗ്രാമത്തില്‍ പത്ത് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളില്‍ മൂന്ന് പേര്‍ മാത്രമാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ഇതേ തുടര്‍ന്ന് അവിടുത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്ത്രീകള്‍ സത്യപ്രതിജ്ഞയ്ക്ക് വരാന്‍ സന്നദ്ധരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ അവരുടെ പുരുഷന്‍മാരെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
രാജ്യത്ത് 20 സംസ്ഥാനങ്ങള്‍ അമ്പത് ശതമാനം സ്ത്രീസംവരണം നടപ്പാക്കിയിട്ടുണ്ട്. മധ്യപ്രദേശാണ് ഇക്കാര്യം നടപ്പാക്കിയ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്ന്. സര്‍പാഞ്ച് പദവികളില്‍ പകുതിയും സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സര്‍പാഞ്ചുകളായി പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ജനവിധി തേടിയത്.
എന്നാല്‍ ഇത്തരത്തില്‍ സ്ത്രീകളെ ശാക്തീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന നടപടികളാണ് ഇതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
നമ്മുടെ നാട്ടിലും പഞ്ചായത്തുകളില്‍ സ്ത്രീ സംവരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും ഭര്‍ത്താക്കന്‍മാര്‍ ഭരണം നടത്തുന്ന കാഴ്ച ഇപ്പോഴുമുണ്ട്.