ന്യൂഡല്‍ഹി: ദേശീയ ശാസ്ത്ര, വാണിജ്യ ഗവേഷണ കൗണ്‍സില്‍ (സിഎസ്‌ഐആര്‍) ലിന് ചരിത്രത്തിലാദ്യമായി ഒരു വനിതയെ മേധാവിയായി ലഭിച്ചു. എണ്‍പത് വര്‍ഷം നീണ്ട ചരിത്രത്തിലാദ്യമായാണ് ഒരു വനിത സിഎസ്‌ഐആറിന്റെ ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്.
തമിഴ്‌നാട്ടുകാരിയായ എന്‍ കലൈസെല്‍വിയാണ് ഈ ചരിത്ര നിയോഗം കൈവരിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. 25 വര്‍ഷത്തെ ഗവേഷക നൈപുണ്യവുമായാണ് ഇവര്‍ ഈ പദവിയിലെത്തുന്നത്. രാജ്യത്തെ 38 പരിശോധനാ കേന്ദ്രങ്ങളുടെയും 4,500 ലേറെ ശാസ്ത്രജ്ഞരുടെയും മേധാവിയായാണ് കലൈ സെല്‍വി നിയമിതയായിരിക്കുന്നത്.
ഇലക്ട്രോ കെമിക്കല്‍ പവര്‍ സംവിധാനത്തെക്കുറിച്ചാണ് ഇവരുടെ പഠനങ്ങള്‍. രാജ്യത്തെ വൈദ്യുത കാര്‍ രംഗത്ത് ഒരു കുതിപ്പുണ്ടാക്കാന്‍ ഇവരുടെ നിയമനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ ഏകദേശം പതിനാല് ലക്ഷം വൈദ്യുത വാഹനങ്ങളാണ് ഉള്ളത്. കാറുകളും ഇരുചക്ര-മുചക്ര വാഹനങ്ങളുമടക്കമാണിത്.
തിരുനെല്‍വേലി ജില്ലയിലെ അമ്പാസമുദ്രത്തിലാണ് കലൈസെല്‍വി ജനിച്ചത്. സാധാരണ തമിഴ് പള്ളിക്കൂടത്തിലായിരുന്നു വിദ്യാഭ്യാസം. ചിദംബരത്തെ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 2019 ഫെബ്രുവരിയില്‍ ഇവരെ കരയ്ക്കുണ്ടിയിലെ സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിന്റെ മേധാവിയായി നിയമിച്ചു. ആദ്യമായാണ് ഈ പദവിയില്‍ നിന്നൊരാളെ സിഎസ്‌ഐആറിന്റെ തലപ്പത്തേക്ക് പരിഗണിക്കുന്നത്.
ലിഥിയം ബാറ്ററി രംഗത്തെ വിദഗ്ദ്ധയെന്നാണ് ഇവരെ അറിയപ്പെടുന്നത്. ഈ രംഗത്ത് നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ഇവരുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ആറ് പേറ്റന്റുകളും സ്വന്തമാക്കി. നിരവധി ഗവേഷകര്‍ ഇവരുടെ മേല്‍നോട്ടത്തില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി.