ന്യൂയോര്‍ക്ക്: മൂവായിരം വര്‍ഷം മുമ്പുണ്ടായിരുന്ന ചക്രവര്‍ത്തിമാരുടെയും മറ്റും മസ്തിഷ്‌കത്തെക്കാള്‍ ചെറുതാണ് ഇപ്പോഴുള്ള മനുഷ്യരുടെ മസ്തിഷ്‌കമെന്നൊരു കണ്ടെത്തല്‍ ശാസ്ത്രലോകം നടത്തിയിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്.
പുത്തന്‍ നാഗരിക സമൂഹങ്ങളിലേക്ക് മനുഷ്യരാശിയുടെ പരിവര്‍ത്തനം ഉണ്ടായപ്പോഴാണ് മനുഷ്യമസ്തിഷ്‌കം ചുരുങ്ങാന്‍ തുടങ്ങിയതെന്നായിരുന്നു കഴിഞ്ഞ കൊല്ലം ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയത്. നമ്മുടെ പൂര്‍വികര്‍ക്ക് ഏറെ കാര്യങ്ങള്‍ പുറംലോകത്തോട് സംവദിക്കേണ്ടതിനാല്‍ ഇതെല്ലാം തലച്ചോറില്‍ സംഭരിച്ച് വയ്‌ക്കേണ്ടി വന്നിരുന്നു. എന്നാല്‍ കാലം ചെല്ലുംതോറും ഇതിന്റെ ആവശ്യകത കുറഞ്ഞ് വരികയും അത് കൊണ്ട് തന്നെ മസ്തിഷ്‌കം ചുരുങ്ങാന്‍ തുടങ്ങിയെന്നുമായിരുന്നു ഇവരുടെ വിശദീകരണം. പതിറ്റാണ്ടുകള്‍ നീണ്ട പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനങ്ങള്‍.
എന്നാല്‍ പുതുതായി ലോസ്ഏഞ്ചല്‍സിലെ നെവാഡ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ പ്രസിദ്ധീകരിച്ച ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഇക്കോളജി ആന്‍ഡ് എവല്യൂഷന്‍ എന്ന പ്രബന്ധത്തിലാണ് പുതിയ കണ്ടെത്തലുകള്‍ ഉള്ളത്. മുപ്പതിനായിരം വര്‍ഷമായി മനുഷ്യ മസ്തിഷ്‌ക്കത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇതില്‍ പറയുന്നു. മൂന്ന് ലക്ഷം വര്‍ഷത്തിന് മുമ്പുള്ളതില്‍ നിന്നും ഒരു മാറ്റവും മനുഷ്യ മസ്തിഷ്‌ക്കത്തിന് സംഭവിച്ചിട്ടില്ലെന്നാണ് ഇവരുടെ നിഗമനം.