അൻപത് വർഷം മുൻപ് തമിഴ്‌നാട്ടിൽ നിന്ന് കാണാതായ ഒന്നരകോടി രൂപയുടെ വിഗ്രഹം ന്യൂയോർക്കിൽ നിന്ന് കണ്ടെത്തി
ന്യൂയോർക്ക്: അൻപത് വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിൽ നിന്ന് കാണാതായ പാർവതി ദേവിയുടെ വിഗ്രഹം ന്യൂയോർക്കിൽ നിന്ന് കണ്ടെത്തി.
കുംഭകോണം തണ്ടാൻതോട്ടത്തെ നന്ദനാപുരേശ്വരർ ശിവൻ ക്ഷേത്രത്തിൻ നിന്നുമാണ് 1.6 കോടി രൂപ വിലവരുന്ന വിഗ്രഹം കാണാതായത്. ന്യൂയോർക്കിലെ ബോൺഹാംസ് ലേലകെട്ടിടത്തിൽ നിന്നുമാണ് വിഗ്രഹം കണ്ടെത്തിയതെന്ന് തമിഴ്‌നാട്ടിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സി ഐ ഡി) വ്യക്തമാക്കി.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോള കാലഘട്ടത്തിൽ നിർമിച്ച വിഗ്രഹമാണ് മോഷ്ടിക്കപ്പെട്ടത്. 52 സെന്റിമീറ്റർ ആണ് വിഗ്രഹത്തിന്റെ ഉയരം. 1971ലായിരുന്നു പാർവതീ വിഗ്രഹം കാണാനില്ലെന്ന പരാതി ആദ്യമായി നൽകിയത്. പിന്നാലെ 2019 ഫെബ്രുവരിയിൽ കെ വാസു നൽകിയ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. വിഗ്രഹ വിഭാഗം വകുപ്പ് ഇൻസ്‌പെക്ടർ എം ചിത്രയ്ക്കായിരുന്നു അന്വേഷണ ചുമതല. വിഗ്രഹം തിരികെ ലഭിക്കാനുള്ള നടപടികൾ തുടങ്ങിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.