ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന് അത്യാധുനിക പട്രോളിംഗ് വാഹനങ്ങള്‍ നല്‍കി മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി. വെടിയേല്‍ക്കാത്തവയും ഗ്രനേഡ് ആക്രമണങ്ങളെപോലും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള വാഹനങ്ങളാണ് സിആര്‍പിഎഫിനായി മഹീന്ദ്ര രൂപകല്‍പ്പന ചെയ്തത്. ടാറ്റ നല്‍കിയ കവചിത വാഹനങ്ങള്‍ക്ക് പിന്നാലെയാണ് മഹീന്ദ്ര വാഹനങ്ങള്‍ നല്‍കിയത്. മഹീന്ദ്ര മാര്‍ക്സ്മാന്‍ എന്ന പേരിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.
അതിവേഗം നീങ്ങാന്‍ വാഹനത്തെ ശക്തമാക്കുന്ന എയ്റോഡൈനാമിക് രൂപകല്‍പ്പന ഇതിന്റെ പ്രത്യേകതയാണ്. അത്യാധുനിക തോക്കുകളില്‍ ഉപയോഗിക്കുന്ന ഉരുക്ക് വെടിയുണ്ടകളും തടയാനാകുമെന്ന പ്രത്യേകതയുമുണ്ട്. വാഹനത്തിന്റെ അടിഭാഗം മികച്ച ഉരുക്കുകൊണ്ട് നിര്‍മ്മിച്ചതിനാല്‍ ഗ്രനേഡുകള്‍ക്കും വാഹനത്തെ തകര്‍ക്കാനാകില്ല. ഭീകരവേട്ടയ്ക്കിടെ എല്ലാ ദൃശ്യങ്ങളും പകര്‍ത്താനും സിസിടിവി ക്യാമറ എല്ലാ ഭാഗത്തേയ്ക്കും തിരിയ്ക്കാനുമാകും. വാഹനത്തിനകത്തിരുന്ന് കിലോമീറ്റര്‍ അകലെയുള്ള ശത്രു നീക്കത്തെ തിരിച്ചറിയാന്‍ സാധിക്കുന്ന ദൂരദര്‍ശിനികളും ശക്തിയേറിയ ക്യാമറയും വാഹനത്തിലുണ്ട്.
രൂപത്തില്‍ ചെറുതായതിനാല്‍ കശ്മീര്‍ താഴ്‌വരകളിലെ ചെറിയ ഇടവഴികളിലൂടേയും ജനവാസമേഖലകളിലൂടേയും വളരെ വേഗം നീങ്ങാനാകുമെന്ന പ്രത്യേകതയുമുണ്ട്. രാത്രികാല പട്രോളിംഗിന് ഉപയോഗിക്കാന്‍ ശക്തിയേറിയ സെര്‍ച്ച് ലൈറ്റുകളും വാഹനത്തിലുണ്ട്.