ജയ്പൂർ: വിവാഹം കഴിഞ്ഞ് ദീർഘ കാലത്തിനുശേഷം ദമ്പതികൾക്ക് കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിലാണ് രാജസ്ഥാൻ മുഴുവൻ.
ആൾവാറിൽ നിന്നുള്ള ദമ്പതികൾക്ക് 54 വർഷത്തിനുശേഷം കുഞ്ഞുണ്ടായത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
രാജസ്ഥാനിലെ ആൾവാർ സ്വദേശികളായ ഗോപീചന്ദിനും ചന്ദ്രാവതിയ്ക്കും വിവാഹം കഴിഞ്ഞ് ദീർഘനാളുകളായിട്ടും കുട്ടികളുണ്ടായിരുന്നില്ല. എല്ലാം ഈശ്വര നിശ്ചയമാണെന്ന് സമാധാനിച്ച് അവർ തള്ളിനീക്കിയത് അഞ്ച് ദശാബ്ദമാണ്. എന്നാലിപ്പോൾ, വിവാഹം കഴിഞ്ഞ് 54 വർഷത്തിനു ശേഷം ഐവിഎഫ് ചികിത്സ വഴി ചന്ദ്രാവതി അമ്മയായിരിക്കുകയാണ്.
ജീവിതത്തിന്റെ സായാഹ്നത്തിൽ, ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ദമ്പതികൾ. സിസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആൾവാറിലെ ഒരേയൊരു ഐവിഎഫ് ചികിത്സാ കേന്ദ്രമായ ഇൻഡോറിലെ ഡോക്ടർ പങ്കജ് ഗുപ്തയ്ക്കും ഇരുവരുടെ സന്തോഷത്തിനു കാരണക്കാരനായതിന്റെ ആഹ്ലാദം ചെറുതല്ല. ഐവിഎഫ് ചികിത്സ സാധാരണക്കാർക്കിടയിൽ കൂടുതൽ പ്രചാരം നേടാൻ കാരണമാവട്ടെ എന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.