ബിഹാറിൽ മഹാസഖ്യസർക്കാർ അധികാരത്തിൽ ;നിതീഷ് മുഖ്യമന്ത്രി, തേജസ്വി ഉപമുഖ്യമന്ത്രി

Advertisement

പട്‌ന : വടംവലികൾക്കും ചേരിപ്പോരുകൾക്കുമൊടുവിൽ കലങ്ങിത്തെളിഞ്ഞ ബിഹാറിൽ ഒരു രാത്രിയുടെ ഇടവേളക്ക് ശേഷം നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി ബന്ധം ഉപേക്ഷിച്ച്‌ മഹാസഖ്യത്തിൽ ചേർന്ന നിതീഷ് എട്ടാം തവണയാണ് ബിഹാർ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷ നേതാവായിരുന്ന ആർജെഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഫഗു ചൗഹാൻ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസും ഇടതുപാർട്ടികളും ചേർന്നതാണ് മഹാസഖ്യം.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് ഇന്ന് രാജ്ഭവനിൽ ചേർന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണം അടുത്ത ദിവസം തന്നെയുണ്ടാകും. മന്ത്രിസഭയിൽ ആർജെഡിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് വിവരം. സ്പീക്കർ പദവിയും ആർജെഡിക്കായിരിക്കും. ആഭ്യന്തര വകുപ്പ് തേജസ്വി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറിൽ ഇത് രണ്ടാം തവണയാണ് അധികാരത്തിൽ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സർക്കാർ അധികാരത്തിലേറിയത്. 2017 ആർജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് നിതീഷ് ബിജെപി സഖ്യം ഉപേക്ഷിച്ച്‌ വീണ്ടും ആർജെഡിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയത്.

നിതീഷ് ജനവിധി അട്ടിമറിച്ചുവെന്നാരോപിച്ച്‌ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്‌. സത്യപ്രതിജ്ഞ ചടങ്ങിന് മുമ്പായി നിതീഷ് ആർജെഡി മേധാവി ലാലുപ്രസാദ് യാദവുമായി ഫോണിൽ സംസാരിച്ചു. പുതിയ തീരുമാനത്തിന് ലാലു നിതീഷിനെ അഭിനന്ദിച്ചു.

Advertisement