ഭീമ കൊറേഗാവ് കേസ് : വി വരവരറാവുവിന് സ്ഥിരജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി

Advertisement

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ പ്രതിയായ കവി വരവരറാവുവിന് സ്ഥിരജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി. പാർക്കിൻസൺസ് രോഗബാധിതനായ വരവരറാവുവിന്റെ ആരോഗ്യസാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെയാണ് വരവരറാവു സുപ്രീം കോടതിയെ സമീപിച്ചത്. 2018 ആഗസ്റ്റിലാണ് ഭീമ കൊറേഗാവ് കേസിൽ വരവര റാവു അറസ്റ്റിലാകുന്നത്. കൊവിഡ് രോഗബാധിതനായി ആരോഗ്യം മോശമായതോടെ വരവരറാവുവിന് നേരത്തെ ചികിത്സയ്ക്കായി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇടക്കാലജാമ്യം അനുവദിക്കണമെന്ന വരവരറാവുവിന്റെ ആവശ്യം ഹൈക്കോടതി തള്ളി .ഇതോടെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി കഴിഞ്ഞ വർഷം ജൂലൈയിൽ അന്തരിച്ചിരുന്നു. പാർക്കിൻസൺസ് രോഗിയായിരുന്ന സ്വാമിയുടെ ആരോഗ്യനില കൊവിഡ് ബാധയെ തുടർന്ന് മോശമായിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ അദ്ദേഹം മരണപ്പെട്ടു. ഇനിയും എൻഐഎ കസ്റ്റഡിയിൽ വിട്ടാൽ സ്റ്റാൻ സ്വാമിയുടെ അവസ്ഥയാകും വരവരറാവുവിനെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയിൽ വാദിച്ചു.

ഇത്രകാലം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടും വരവരറാവുവിന്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്ന് ജാമ്യം അനുവദിച്ചുള്ള വിധിയിൽ കോടതി നിരീക്ഷിക്കുന്നു. റാവുവിന് 82 വയസ്സായി. 2018ൽ അറസ്റ്റിലായ കാലം മുതൽ അന്വേഷണ ഏജൻസിക്ക് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിലെ ചില പ്രതികളെ ഇപ്പോഴും പിടികൂടാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisement