ന്യൂഡൽഹി: ദയാവധം തേടി സ്വിറ്റ്‌സർലൻഡിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിന്റെ യാത്രയ്ക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് 49-കാരി കോടതിയിൽ.
നാൽപതുകളുടെ അവസാനത്തിലുള്ള തന്റെ സുഹൃത്ത് മയാൾജിക് എൻസെഫലോമയലിറ്റിസ് അഥവാ ഫാറ്റിഗ് സിൻഡ്രോം എന്ന രോഗത്താൽ ബുദ്ധിമുട്ടുകയാണെന്നും ചികിത്സകന്റെ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് വേണ്ടിയാണ് സ്വിറ്റ്‌സർലൻഡിലേക്കുള്ള യാത്രയെന്നും അദ്ദേഹത്തിന് എമിഗ്രേഷൻ ക്ലിയറൻസ് നൽകരുതെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് സുഹൃത്തായ സ്ത്രീ ഡൽഹി കോടതിയെ സമീപിച്ചിരിക്കുന്നത്.
2014 ലാണ് സുഹൃത്തിൽ രോഗത്തിന്റെ ആദ്യലക്ഷണം പ്രത്യക്ഷപ്പെട്ടതെന്നും പിന്നീട് രോഗം ഗുരുതരമായതോടെ ചലനശേഷി കുറയുകയും വീടിനുള്ളിൽ ഏതാനും ചുവടുകൾ മാത്രം നടക്കാൻ സാധിക്കുന്ന അവസ്ഥയിലെത്തിച്ചേർന്നതായും ഹർജിക്കാരി പറയുന്നു. നേരത്തെ എയിംസിൽ ചികിത്സയിലായിരുന്നെങ്കിലും കോവിഡ് വ്യാപനത്തോടെ ചികിത്സ മുടങ്ങിയതായും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം സുഹൃത്തിന്റെ പ്രായമേറിയ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഏറെ മനോവിഷമമുണ്ടാക്കുമെന്നും ഹർജിയിലുണ്ട്.
ഇന്ത്യയിലോ വിദേശത്തോ ചികിത്സക്കായുള്ള പണത്തിനായി ബുദ്ധിമുട്ടില്ലെന്നും എന്നാൽ രോഗിയായ സുഹൃത്ത് ഇപ്പോൾ ദയാവധത്തിനായി വാശിപിടിക്കുകയാണെന്നും ചികിത്സയിൽ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ഹർജിക്കാരി സൂചിപ്പിക്കുന്നു. ചികിത്സയ്ക്കായുള്ള യാത്ര എന്ന നിലയിൽ സുഹൃത്തിന് വിസ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.
ശാരീരികമായും മാനസികമായും രോഗിയെ ഏറെ തളർത്തുന്ന രോഗമാണ് ഫാറ്റിഗ് സിൻഡ്രോം. ചില രോഗികളിൽ ഏറെ ഗുരുതരാവസ്ഥയിലാകുന്നതോടെ ചലനശേഷിയുൾപ്പെടെ നശിക്കുകയും രോഗി കഠിനവേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. രോഗത്തിന്റെ ചികിത്സയെ കുറിച്ചുള്ള ഗവേഷണങ്ങൾ നടന്നുവരുന്നതേയുള്ളൂ. ഇതുവരെ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ല. ചിലരിൽ ദീർഘകാലം രോഗം നിലനിൽക്കുന്നതോടെ ജീവിതം ദുസ്സഹമായി തീരും.