ന്യൂഡൽഹി: വാടക വീടിനും ജി.എസ്.ടി ഈടാക്കുമെന്ന വാർത്തയിൽ വ്യക്തതയുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ.
വാടക വീടുകൾക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുമെന്ന വാർത്ത വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. വ്യവസായ സ്ഥാപനത്തിന് വാടകക്ക് വീട് നൽകുമ്പോൾ മാത്രമാണ് ജി.എസ്.ടി ഈടാക്കുക.
സ്വകാര്യ വ്യക്തിക്ക് വ്യക്തിപരമായ ഉപയോഗത്തിന് വീട് നൽകിയാൽ നികുതി ഈടാക്കില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ ജി.എസ്.ടി ഏർപ്പെടുത്താനുള്ള തീരുമാനം കൗൺസിൽ എടുത്തിരുന്നു. ഇതിന് പിന്നാലെ ലസ്സി, തൈര് തുടങ്ങി പല ഉൽപന്നങ്ങളും നികുതിപരിധിയിലേക്ക് എത്തിയിരുന്നു.
ഇതിന് പിന്നാലെ നികുതിയുമായി ബന്ധപ്പെട്ട് പല വാർത്തകളും പ്രചരിച്ചിരുന്നു. ശ്മശാനങ്ങളിലെ ശവസംസ്കാരത്തിനും ആശുപത്രി സേവനത്തിനും അധിക നികുതി ഏർപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തി ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തിയിരുന്നു. ശവസംസ്കാരത്തിന് നികുതി ഏർപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.