ന്യൂഡൽഹി : ഇത്തവണത്തെ സ്വാതന്ത്ര്യ ദിന വാർഷികം ഇന്ത്യക്ക് ഐതിഹാസിക ദിനമാണ്. 75 വയസ്സിലേക്കുള്ള രാജ്യത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.
ഇക്കാലയളവിൽ നിരവധി ഉയർച്ച താഴ്ചകളെ രാജ്യം അഭിമുഖീകരിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ദേശീയ പതാക പാറി കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം രാജത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ അവസരത്തിൽ നമ്മൾ രാജ്യത്തിനായി പോരാടിയവരെ ഓർക്കണം. ജീവൻ പണയംവെച്ചവരെ അനുസ്മരിക്കണം. അതിന് വേണ്ടിയാണ് അമൃത് മഹോത്സവ്. ചരിത്രം അവഗണിച്ചവരേയും ഓർക്കേണ്ട ദിവസമാണ് ഇത്. സമര പോരാളികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുന്നോട്ട് പോകണം. സ്വാതന്ത്ര്യസമര പോരാളികളോടുള്ള കടം വീട്ടണമെന്നും ചരിത്ര ദിനത്തിൽ പുതിയ വീക്ഷണത്തോടെ മുന്നോട്ട് പോകാൻ പുതിയ അധ്യായത്തിന് തുടക്കമിടണം.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആദിവാസികളെ സല്യൂട്ട് ചെയ്യുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ എണ്ണമറ്റ പോരാളികൾ ബ്രിട്ടീഷുകാരെ വിറപ്പിച്ചു. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ, വീർ സവർക്കർ തുടങ്ങിയവരെ അനുസ്മരിച്ച പ്രധാനമന്ത്രി പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ വണങ്ങുന്നുവെന്ന് അറിയിച്ചു.
ഇന്ത്യയുടെ നാരീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വനിതകളെ പ്രത്യേകം അനുസ്മരിച്ചു. ഭീകരവാദം പലവട്ടം വെല്ലുവിളിയുയർത്തിയിട്ടും ഇന്ത്യ മുന്നോട്ട് തന്നെയാണ്. ജനാധിപത്യത്തിന്റെ മാതാവാണെന്നത് ഇന്ത്യയുടെ സവിശേഷതയാണ്. 1947ലെ വിഭജനത്തേയും ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി ഓർമിപ്പിച്ചു. 1947ലെ ത്യാഗം ഓർമിക്കണം. രാജ്യത്തെ ജനങ്ങൾ സ്വപ്ന സാക്ഷാത്കാരം ആഗ്രഹിക്കുന്നു. ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ എന്നിവരേയും ആദരിക്കുന്നു. ഗുരു അടക്കമുള്ളവർ രാജ്യത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചു. രാജ്യത്തിന്റെ വൈവിധ്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
അതേസമയം അടുത്ത 25 വർഷം നിർണായകമാണ്. അതിനാൽ രാജ്യത്തിനായി അഞ്ച് പ്രതിജ്ഞകളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. 1 വികസിത ഭാരതം, 2. അടിമത്ത മനോഭാവം അവസാനിപ്പിക്കൽ 3.പൈതൃകത്തിൽ അഭിമാനിക്കുക 4.ഏകത 5. പൗരധർമ്മം പാലിക്കൽ എന്നിവയാണ് പ്രതിജ്ഞകളായി അദ്ദേഹം വെച്ചത്.
രാവിലെ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയശേഷമാണ് അദ്ദേഹം ദേശീയ പതാക ഉയർത്തിയത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇത് ഒമ്പതാം തവണയാണ് മോദി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്.