ന്യൂഡൽഹി: രാജസ്ഥാനിൽ കുടത്തിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചതിൻറെ പേരിൽ ദലിത് വിദ്യാർഥിയെ അധ്യാപകൻ മർദിച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ.
ജാതിവ്യവസ്ഥ തന്നെയാണ് ഇപ്പോഴും നമ്മുടെ മുഖ്യ ശത്രുവെന്ന് അവർ പറഞ്ഞു.
തൻറെ പിതാവും സമാനരീതിയിൽ സ്കൂളിൽ നിന്ന് വെള്ളം കുടിക്കുന്നതിൽ വിലക്കപ്പെട്ടിരുന്നുവെന്നും അന്ന് അദ്ദേഹത്തിൻറെ ജീവൻ രക്ഷപ്പെട്ടത് അത്ഭുതമാണെന്നും മീരാ കുമാർ ട്വീറ്റ് ചെയ്തു.
‘100 വർഷങ്ങൾക്ക് മുമ്പ് എൻറെ പിതാവ് ബാബു ജഗ്ജീവൻ റാമിനെ അദ്ദേഹത്തിൻറെ സ്കൂളിലെ സവർണ ഹിന്ദുക്കൾക്ക് വേണ്ടിയുള്ള കുടത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് വിലക്കപ്പെട്ടു. പക്ഷെ അന്ന് അദ്ദേഹത്തിൻറെ ജീവൻ രക്ഷപ്പെട്ടു എന്നത് ഒരു അത്ഭുതമായിരുന്നു. വർഷങ്ങൾക്കിപ്പുറം അതേ കാരണത്താൽ ഒരു ഒമ്പത് വയസുകാരൻ കൊല്ലപ്പെട്ടിരിക്കുന്നു’- മീരാ കുമാർ പറഞ്ഞു.