ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, താമസ നദിയിലെ ജലനിരപ്പ് അപകടനിലയിൽ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റായ്പൂർ ബ്ലോക്കിൽ മേഘവിസ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ 2.45ഓടെ ഡെറാഡൂണിലെ സർഖേത് ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.ഗ്രാമത്തിൽ കുടുങ്ങിയ എല്ലാ ആളുകളെയും രക്ഷപ്പെടുത്തിയതായും ചിലർ അടുത്തുള്ള റിസോർട്ടിൽ അഭയം പ്രാപിച്ചതായും ദുരന്തനിവാരണസേന അറിയിച്ചു.
രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയെ തുടർന്ന് താമസ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്.
അതേസമയം, ജമ്മു -കശ്മീരിലെ കത്രയിൽ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര താൽകാലികമായി നിർത്തി വെച്ചിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചു. നേരത്തെ, അമർനാഥിലും മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സൈന്യത്തിൻറെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും പ്രദേശത്ത് കുടുങ്ങിയ തീർഥാടകരെ പുറത്തെത്തിക്കുകയുമായിരുന്നു.