ഹൈദരാബാദ്: തെലങ്കാനയിലെ ഖൈർതാബാദിൽ ഗണപതി വിഗ്രഹം നിർമ്മിക്കാൻ ഇത്തവണ ഒരു കോടിയിലധികം രൂപ ചെലവഴിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഈ വർഷത്തെ ഏറ്റവും ഉയരം കൂടിയ വിഗ്രഹമാണ് ഹൈദരാബാദിലെ ഖൈർത്താബാദിൽ ഒരുക്കുക. പ്രകൃതി സംരക്ഷണം കണക്കിലെടുത്ത് ഇത്തവണ കളിമൺ പ്രതിമയാകും നിർമിക്കുകയെന്നും സംഘാടകർ അറിയിച്ചു. പരിസ്ഥിതി സൗഹൃദ വിഗ്രഹ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് സംഘാടകർ പറഞ്ഞു.
ഇപ്പോൾ നിർമ്മിക്കുന്ന വിഗ്രഹം പൂർത്തിയാക്കാൻ 80 ദിവസമെടുക്കും, ജൂൺ 1 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 31ന് ഭക്തർക്കുള്ള ദർശനം ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 50 മുതൽ 100 വരെ ആളുകളാണ് വിഗ്രഹം നിർമ്മിക്കുന്നതെന്ന് സംഘാടകരിൽ ഒരാളായ നരേഷ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഗണേശ വിഗ്രഹം കാണാൻ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഇവിടെ എത്തുമെന്നും നരേഷ് കൂട്ടിച്ചേർത്തു.
ഖൈർതാബാദിൽ ഗണപതി വിഗ്രഹങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 1954-ൽ ഷക്കറിയ ജിയാണ് ഇവിടെ ആദ്യത്തെ ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചത്. പിന്നീട് എല്ലാ വർഷവും ഒരടി വീതം ഉയർത്തുകയായിരുന്നു പതിവ്. വിഗ്രഹത്തിന്റെ വലുപ്പം കുറയ്ക്കാൻ സംഘാടകർ പദ്ധതിയിട്ടിരുന്നെങ്കിലും ഭക്തർ എതിർത്തു.