ചണ്ഡിഗഡ് അന്താരാഷ്ട്ര‍ വിമാനത്താവളം ഇനി ഭഗത് സിംഗിന്റെ പേരിൽഅറിയപ്പെടും

Advertisement

ചണ്ഡിഗഡ്: കഴിഞ്ഞ ദിവസം നടന്ന ചർച്ചകളുടെ ഭാഗമായി ചണ്ഡിഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകുന്നതിൽ സമ്മതം അറിയിച്ച്‌ പഞ്ചാബ് ഹരിയാന സർക്കാരുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായി ആണ് തീരുമാനം.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തന്റെ ട്വീറ്റിലൂടെയാണ് ചണ്ഡിഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഷഹീദ്-ഇ-അസം ഭഗത് സിംഗ് എന്ന പേര് നൽക്കുമെന്ന് അറിയിച്ചത്. ഭഗവന്ത് മനും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും തമ്മിൽ നടത്തിയ സംയുക്ത യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ഒരു ദശാബ്ദത്തോളമായി വിമാനത്താവളത്തിന് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട്, മൊഹാലി എന്ന് പേരിടാൻ പഞ്ചാബ് ആഗ്രഹിച്ചിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചാബ് വിധാൻ സഭയും വിമാനത്താവളത്തിന് ഷഹീദ്-ഇ-അസം സർദാർ ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട്, മൊഹാലി എന്ന് പേരിടാനുള്ള പ്രമേയം പാസാക്കിയിരുന്നു.

എന്നാൽ ഹരിയാന മൊഹാലി എന്ന വാക്കിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഹരിയാന വിധാൻ സഭ വിമാനത്താവളത്തിന്റെ പേര് മാറ്റാൻ പ്രമേയം പാസാക്കിയെങ്കിലും ചണ്ഡീഗഡ് എന്ന സ്ഥലപേരാണ് ഉപയോഗിച്ചത്. ആം ആദ്മി പാർട്ടി സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ യാത്ര കൂടിയാണിത്.

Advertisement