ന്യൂഡൽഹി: കർഷക നേതാവ് രാകേഷ് ടിക്കായത്തിനെ കരുതൽ തടങ്കലിലാക്കിയും തലസ്ഥാന നഗരിയിലുടനീളം നിരോധനാജഞ പ്രഖ്യാപിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡൽഹി പൊലീസും തീർത്ത വിലക്കുകൾ ലംഘിച്ച് കർഷകർ വീണ്ടും ഡൽഹിയിലേക്ക് ഒഴുകി തുടങ്ങി.
ഒന്നര വർഷം നീണ്ട കർഷക സമരം നിർത്തുമ്പോൾ നൽകിയ ‘ചുരുങ്ങിയ താങ്ങുവിലക്ക് നിയമപ്രാബല്യം’ എന്ന പ്രധാന വാഗ്ദാനം പാലിക്കാത്തതിലും സമരം ചെയ്ത കർഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ കേന്ദ്രമന്ത്രിക്കെതിരെ നടപടി എടുക്കാത്തതിലും പ്രതിഷേധിച്ചാണ് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്രകാരം കർഷകർ വീണ്ടും ജന്തർ മന്തറിൽ സമരം പ്രഖ്യാപിച്ചത്.
സ്വന്തം വാഹനങ്ങളിലും ട്രാക്ടറുകളിലും എത്തുന്ന കർഷകരെ തടയാൻ ഡൽഹി അതിർത്തി പ്രദേശങ്ങളായ സിംഘുവിലും ടിക്രിയിലും ചില്ലയിലും ഗാസിപൂരിലും നോയ്ഡയിലും നിരത്തിയിരുന്ന ബാരിക്കേഡുകൾക്ക് മുന്നിൽ കർഷകർ കുത്തിയിരിപ്പ് തുടങ്ങിയതോടെ പലയിടങ്ങളിലും ഡൽഹി പൊലീസ് അവ എടുത്തുമാറ്റാൻ നിർബന്ധിതമായി. ജന്തർ മന്തറിൽ കർഷകർ എത്താതിരിക്കാൻ എല്ലാ വഴികളിലും സേനയെ വിന്യസിച്ച് ബാരിക്കേഡുകളുയർത്തിയിരിക്കുകയാണ് ഡൽഹി പൊലീസ്. ഞായറാഴ്ച രാത്രിയോടെ ഡൽഹിയിലെ വിവിധ ഗുരുദ്വാരകൾ അടക്കമുള്ള സ്ഥലങ്ങളിൽ കർഷകരെത്തി ക്യാമ്പ് ചെയ്തതറിഞ്ഞ് ഗുരുദ്വാരകളിൽ നിന്ന് ജന്തർ മന്തറിലേക്കുള്ള വഴിയും പൊലീസ് അടച്ചിട്ടുണ്ട്.
ഒരു നിലക്കും കർഷകരെ ജന്തർ മന്തറിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഡൽഹി പൊലീസ്. കർഷക സമരത്തെ നേരിടാൻ എല്ലാ തന്ത്രങ്ങളും പയറ്റുന്ന കേന്ദ്ര സർക്കാർ ചുരുങ്ങിയ താങ്ങുവില പഠിക്കാൻ നിയോഗിച്ച സമിതിയുടെ പ്രധാന തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ അനുകൂല നിലപാടുള്ള സമിതിയുമായി സഹകരിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കിയിട്ടുമുണ്ട്.