ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. പ്രതിദിനം കോടിക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്.
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി സമയാസമയങ്ങളിൽ റെയിൽവേ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനാൽ യാത്രാവേളയിൽ അത് ഏറെ സഹായകരമാവുന്നു. അതിനിടെ ട്രെയിനുകളിലെ കോച്ചുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കാൻ റെയിൽവേ ഒരുങ്ങുകയാണ്.
യാത്രക്കാർക്ക് ഏറെ പ്രയോജനം ലഭിക്കും. യാത്രയ്ക്കിടെ ട്രെയിൻ എവിടെ എത്തി, അടുത്തതായി ഏത് സ്റ്റേഷനാണ്, എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിയാനാവും. കൂടാതെ യാത്രക്കാർക്ക് ട്രെയിനിന്റെ തത്സമയ സ്റ്റാറ്റസ് ട്രാക് ചെയ്യാൻ കഴിയും. ഒപ്പം തന്നെ ഡിസ്പ്ലേ ബോർഡിൽ, സാമൂഹിക വിരുദ്ധരിൽ നിന്നുള്ള സംരക്ഷണം സംബന്ധിച്ച് മുന്നറിയിപ്പുകളും നൽകും.
പുതിയ വന്ദേ ഭാരത്, തേജസ്, ഹംസഫർ, എസി, ഇകോണമി, ഇഎംയു, മെമു ട്രെയിനുകളുടെ കോച്ചുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് ജിപിഎസ് സംവിധാനവുമായി ബന്ധിപ്പിക്കും എന്നതാണ്. ഈ സൗകര്യം നിലവിൽ വന്നതിന് ശേഷം, റെയിൽവേയുടെ തത്സമയ റണിംഗ് സ്റ്റാറ്റസ് കാണുന്നതിന് യാത്രക്കാർക്ക് മൊബൈൽ ഫോൺ ആപ് വീണ്ടും വീണ്ടും തുറക്കേണ്ടതില്ല. ട്രെയിനിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിൽ നിന്ന് യാത്രക്കാർക്ക് അപ്‌ഡേറ്റുകൾ ലഭിക്കും.