ന്യൂഡൽഹി: എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ വാങ്ങിയെന്ന് അദാനി ഗ്രൂപ്പ്. ഇതിനൊപ്പം 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള വാഗ്ദാനവും നൽകുമെന്നും അദാനി ഗ്രൂപ്പിൻറെ മീഡിയ വിഭാഗം അറിയിച്ചു.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (എഇഎൽ) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിൻറെ (എഎംഎൻഎൽ) പൂർണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വഴിയാണ് 29.18 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നത്.
എൻഡിടിവിയിൽ 29.18 ശതമാനം ഓഹരിയുള്ള എൻഡിടിവിയുടെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിൻറെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കിയതായി വിസിപിഎൽ പത്രക്കുറിപ്പിൽ പറയുന്നത്.
അതേ സമയം സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫർ വയ്ക്കാൻ ഇതുവഴി അദാനി ഗ്രൂപ്പിന് സാധിക്കും എന്നും പത്ര കുറിപ്പ് പറയുന്നു.
“വിസിപിഎൽ, എഎംഎൻഎൽ, എഇഎൽ എന്നിവയ്‌ക്കൊപ്പം എൻഡിടിവിയിൽ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ ഒരു ഓപ്പൺ ഓഫർ ഇതോടെ മുന്നോട്ട് വയ്ക്കുന്നു, 2011 ലെ സെബിയുടെ (ഷെയറുകളുടെയും ഏറ്റെടുക്കലുകളുടെയും കാര്യമായ ഏറ്റെടുക്കൽ) റെഗുലേഷൻസ് അനുസരിച്ചാണ് ഇത് ” വാർത്ത കുറിപ്പ് പറയുന്നു.
പുതിയ യുഗത്തിൽ മാധ്യമങ്ങളുടെ പുതിയ വഴി ഒരുക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ ഒരുക്കുന്നതെന്നും, ഈ ഏറ്റെടുക്കൽ സുപ്രധാന നാഴികക്കല്ലാണെന്നും എഎംഎൻഎൽ സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു.
“ഇന്ത്യൻ പൗരന്മാരെയും ഉപഭോക്താക്കളെയും ഇന്ത്യയിൽ താൽപ്പര്യമുള്ളവരെയും വിവരങ്ങളും അറിവും ഉപയോഗിച്ച് ശാക്തീകരിക്കാൻ എഎംഎൻഎൽ ശ്രമിക്കുന്നു. എൻഡിടിവി ഞങ്ങളുടെ കാഴ്ചപ്പാടിൽ എത്തിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രക്ഷേപണവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. വാർത്താ വിതരണത്തിൽ എൻഡിടിവിയുടെ നേതൃത്വം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”പുഗാലിയ കൂട്ടിച്ചേർത്തു.