സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ ഡ്രൈവര്‍ മുഹമ്മദ് ആലമിന് ജാമ്യം

Advertisement

ന്യൂഡല്‍ഹി: ഹഥ്റാസ് യാത്രക്കിടെ മാധ്യമപ്രവര്‍ത്തന്‍ സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ വാഹന ഡ്രൈവര്‍ മുഹമ്മദ് ആലമിന് ജാമ്യം. അലഹബാദ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ആദ്യ ജാമ്യമാണ് മുഹമ്മദ് ആലമിന്റേത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മുഹമ്മദ് ആലം തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടതിനോ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതായോ പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സിദ്ദിഖ് കാപ്പനില്‍ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നും കോടതി പറഞ്ഞു.
ഹാഥ്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് കാപ്പനെയും സംഘത്തെയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പന്‍ ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് മുഹമ്മദ് ആലം ആയിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഈ വാഹനം വാങ്ങാന്‍ ആലമിന് രണ്ടര ലക്ഷം രൂപ മുഹമ്മദ് അനീസ് എന്നയാള്‍ നല്‍കിയിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഡല്‍ഹിയില്‍ നടന്ന സിഎഎ വിരുദ്ധകലാപത്തില്‍ പങ്കെടുത്ത മുഹമ്മദ് ഡാനിഷിന്റെ ബന്ധുവാണ് അനീസ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അതേസമയം വാഹനം വാങ്ങാനുള്ള പണം തനിക്ക് നല്‍കിയത് മെഹബൂബ് അലി ആണെന്ന ആലത്തിന്റെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു. സിദ്ദിഖ് കാപ്പനില്‍ നിന്ന് ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തിരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലാപ്‌ടോപ്പിലും, മൊബൈല്‍ ഫോണിലും നിര്‍ണായകമായ ദൃശ്യങ്ങളും രേഖകളും ഉണ്ടായിരുന്നു. എന്നാല്‍ ആലമില്‍ നിന്ന് ഇത്തരം രേഖകളോ സാധനങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.