അദാനി ​ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ ഓഹരി വിപണിയിൽ എൻഡിടിവിയുടെ ഓഹരികളിൽ വൻ കുതിപ്പ്, അദാനി എൻഡിടിവി പിടിച്ചത് വളഞ്ഞ വഴിയിലൂടെ

Advertisement

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് എൻഡിടിവി ഏറ്റെടുത്തതിന്റെ പിന്നാലെ ഇന്ന് ഓഹരി വിപണിയിൽ എൻഡിടിവി ഓഹരികളിൽ 5 ശതമാനം വളർച്ച. ഇന്നലെ വൈകുന്നേരത്തോടെയാണ് അദാനി ​ഗ്രൂപ്പ് എൻഡിടിവി ഏറ്റെടുത്ത വാർത്ത പുറത്ത് വന്നത്.

എന്തായാലും അംബാനിയുടെ റിലയൻസ് ചുവടുറപ്പിച്ച ഒരു മേഖലയിലേക്ക് കൂടി അദാനി ചുവടുവയ്ക്കുന്നു എന്നതാണ് ഈ വാർത്തയുടെ മറുവശം. നേരത്തെ 5ജി ലേലത്തിൽ പങ്കെടുത്ത് അദാനി ഗ്രൂപ്പ് ടെലികോം രംഗത്തും തങ്ങൾ ഭാവിയിൽ ഉണ്ടാകും എന്ന സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാധ്യമ രംഗത്തെ അദാനിയുടെ അരങ്ങേറ്റം.

രാജ്യത്തെ പ്രധാന മാധ്യമ സ്ഥാപനമായ നെറ്റ് വർക്ക് 18 ഗ്രൂപ്പിനെ 2011-2014 സ്വന്തമാക്കി അംബാനി ഇന്ത്യൻ മാധ്യമ രംഗത്തേക്ക് ചുവടുവച്ചതിന് സമാനമാണ് അദാനിയുടെ നീക്കം എന്ന് പറയാം. എന്നാൽ അംബാനിയെക്കാൾ നാടകീയമായാണ് അദാനി ഈ രംഗത്തേക്ക് വന്നത് എന്ന് പറയേണ്ടിവരും. അതിൽ ഏറ്റവും രസകരമായ കാര്യം എൻഡിടിവി പ്രമോട്ടർമാരായ പ്രണോയ് റോയി, രാധിക റോയ് എന്നിവർ പോലും അദാനി ഗ്രൂപ്പിൻറെ ഔദ്യോഗിക പ്രസ് റിലീസ് ഇറങ്ങും വരെ ഈ കാര്യം അറിഞ്ഞില്ലെന്നതാണ്. പിന്നെ എങ്ങനെയാണ് അദാനി എൻഡിടിവിയുടെ 29 ശതമാനം ഓഹരി വാങ്ങിയത്.?

2009-10 കാലഘട്ടത്തിൽ അതിൻറെ പ്രമോട്ടർമാർ എൻഡിടിവിക്കുവേണ്ടി വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് രണ്ട് ഘട്ടമായി വായ്പയെടുത്തതാണ് എല്ലാത്തിൻറെയും തുടക്കം. രാധിക റോയി പ്രണോയ് റോയി ഹോൾഡിംസ് (ആർആർപിആർ ഹോൾഡിംഗ്സ്) ആണ് എൻഡിടിവിക്കായി വായ്പ എടുത്തത്. ഈ സമയത്ത് 7.56ശതമാനം ഓഹരികൾ മാത്രമായിരുന്നു ആർആർപിആർ ഹോൾഡിംഗ്സിൻറെ പേരിൽ ഉണ്ടായിരുന്നത്.

വിസിപിഎൽ നൽകിയ പണം റിലയൻസിൻറെ പൂർണ ഉടമസ്ഥതയിലുള്ള ഷിനാനോ റീട്ടെയിൽ വഴിയാണ് വായ്പയായി നൽകിയത്. 2012-ൽ, റിലയൻസ് ജിയോ ഇൻഫോകോമിന്റെ ബോർഡിൽ അംഗമായ മഹേന്ദ്ര നഹട്ടയുടെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്കുകൾ വിസിപിഎല്ലിന് 50 കോടി രൂപ നൽകി, അതേസമയം 403.85 കോടി രൂപ തിരികെ ലഭിച്ചതായി ഷിനാനോ പറഞ്ഞു. വിസിപിഎൽ കമ്പനികളുടെ രജിസ്ട്രാർക്ക് 2021 മാർച്ചിലെ ഏറ്റവും പുതിയ ഫയലിംഗുകൾ കാണിക്കുന്നത്, വിസിപിഎൽ നെക്സ്റ്റ് വേവ് ടെലിവെഞ്ചേഴ്സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയാണെങ്കിലും, നഹാറ്റയുമായി ബന്ധിപ്പിച്ചിട്ടുള്ള വിസിപിഎൽ, എമിനന്റിന് ഇപ്പോഴും 403.85 കോടി രൂപയുടെ കടപ്പത്രങ്ങൾ നൽകാനുണ്ടെന്നാണ്.

പ്രണോയ്, രാധിക റോയിമാരുടെ പേരിലുള്ള ആർആർപിആർ, ലോണിനെ തുടർന്ന് അവരുടെ ഷെയർ വിഹിതം 29.18 ശതമാനമാക്കി. ഇതോടെ ഈ കമ്പനി ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയാക്കി. കൂടാതെ, എൻഡിടിവിയിൽ രാധിക റോയിക്ക് 16.32 ശതമാനവും പ്രണോയ്‌ക്ക് 15.94 ശതമാനവും വ്യക്തിഗതമായി ഓഹരിയുണ്ട്. ഇതോടെ ഇവർ എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായി മാറി. കമ്പനിയുടെ 61.45 ശതമാനം ഓഹരികൾ അവർ സ്വന്തമാക്കി, അവർക്ക് സമ്പൂർണ്ണ നിയന്ത്രണം കമ്പനിയിൽ വന്നു.

എന്നാൽ 2009-10 കാലത്തെ വായ്പ കരാറിലെ ചില വ്യവസ്ഥകൾ പ്രകാരം ആർആർപിആർ ഹോൾഡിംഗ്സിൻറെ കൈയ്യിലുള്ള ഓഹരികളുടെ 99 ശതമാനം ഏറ്റെടുക്കാൻ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് കഴിയുമായിരുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി വെറും ഒരു ലക്ഷം രൂപ വിറ്റുവരവുണ്ടായിരുന്ന വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്നാൽ അടുത്തിടെ അദാനി ഗ്രൂപ്പ് അങ്ങ് വാങ്ങി.

വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിൻറെ ഇപ്പോഴത്തെ ഉടമകൾ അദാനി ഗ്രൂപ്പാണ്. നെക്സ്റ്റ് വേവ് ടെലിവെഞ്ചേഴ്സിൻറെയും, എമിനെൻറ് നെറ്റ്വർക്കിൽ നിന്നും, നെക്സ്റ്റ് വേവ് ടെലിവെഞ്ചേഴ്സിൽ നിന്നും വിസിപിഎല്ലിനെ ഏറ്റെടുത്തുവെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. നേരത്തെ തന്നെ അംബാനിയുടെ ഷെൽ കമ്പനിയെന്നാണ് വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിനെ ചില ബിസിനസ് കേന്ദ്രങ്ങൾ പറഞ്ഞിരുന്നത്. അദാനി ഏറ്റെടുത്തതോടെ ആർആർപിആർ ഹോൾഡിംഗ്സിൻറെ കൈയ്യിലുള്ള ഓഹരികളുടെ 99 ശതമാനം ഏറ്റെടുക്കാനുള്ള ശേഷി അവർ വിനിയോഗിച്ചു. ഇതോടെ എൻഡിടിവിയുടെ 29 ശതമാനത്തോളം ഷെയറുകൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കി.

അതായത് എൻഡിടിവിയുടെ ഓഹരികൾ നേരിട്ടല്ല, മറ്റൊരുകമ്പനിവഴിയാണ് സ്വന്തമാക്കിയതെന്ന് ചുരുക്കം. അതേ സമയം സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫർ വയ്ക്കാൻ ഇതുവഴി അദാനി ഗ്രൂപ്പിന് സാധിക്കും, അദാനി ഗ്രൂപ്പ് ഇന്നലെയിറക്കിയ പത്രകുറിപ്പിൽ അത് വ്യക്തമാക്കുന്നുണ്ട്. “വിസിപിഎൽ, എഎംഎൻഎൽ, എഇഎൽ എന്നിവയ്‌ക്കൊപ്പം എൻഡിടിവിയിൽ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ ഒരു ഓപ്പൺ ഓഫർ ഇതോടെ മുന്നോട്ട് വയ്ക്കുന്നു, 2011 ലെ സെബിയുടെ (ഷെയറുകളുടെയും ഏറ്റെടുക്കലുകളുടെയും കാര്യമായ ഏറ്റെടുക്കൽ) റെഗുലേഷൻസ് അനുസരിച്ചാണ് ഇത് ” വാർത്ത കുറിപ്പ് പറയുന്നു.

ഇത് അടുത്തതായി എൻഡിടിവി മൊത്തത്തിൽ സ്വന്തമാക്കാനുള്ള അടുത്തഘട്ടമാണ്. ഇത്തരം ഒരു ഓപ്പൺ ഓഫറിലൂടെ റോയിമാർക്ക് പുറത്തുള്ള ഓഹരികൾ വാങ്ങാൻ അദാനി ഗ്രൂപ്പിന് സാധിക്കും ഇതുവഴി 26 ശതമാനത്തിലേറെ ഷെയർ വാങ്ങിയാൽ നിലവിൽ റോയിമാരെക്കാൾ കൂടുതൽ പിടിപാട് അദാനിക്ക് എൻഡിടിവിയിൽ ലഭിക്കും.

വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും എൻഡിടിവി എടുത്ത ലോൺ നേരത്തെയും അവർക്ക് തലവേദനയായിട്ടുണ്ട്. ഈ ലോൺ എടുത്തതിൽ ചട്ടലംഘനം നടന്നുവെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് (സെബി) കണ്ടെത്തിയിരുന്നു. വിശ്വപ്രധാനുമായുള്ള വായ്പ നിബന്ധനകൾ നിക്ഷേപകർക്ക് വെളിപ്പെടുത്താത്തതിന് എൻഡിടിവി പ്രൊമോട്ടർമാർ കുറ്റക്കാരാണെന്നാണ് സെബി കണ്ടെത്തിയത്. ഏറ്റവും രസകരമായ കാര്യം ഇതേ വ്യവസ്ഥകളുടെ ചുവട് പിടിച്ചാണ് അദാനി എൻഡിടിവിയിൽ എത്തുന്നത് എന്നാണ്.

അതേസമയം കഴിഞ്ഞ ദിവസം വൈകി എൻഡിടിവി പ്രമോട്ടർമാർ ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇത്തരം ഒരു ഏറ്റെടുക്കൽ തങ്ങൾ അറിഞ്ഞില്ലെന്നാണ് എൻഡിടിവി പ്രമോട്ടർമാരുടെ വിശദീകരണം. അതേ സമയം സാധ്യമായ വഴിയിൽ ഇതിനെതിരെ ചെയ്യാൻ സാധിക്കുന്നത് എല്ലാം ചെയ്യുമെന്നും ഇവർ പറയുന്നു. രാധിക റോയി പ്രണോയി റോയി എന്നിവർ എൻഡിടിവിയുടെ 32% കൈവശം വയ്ക്കുന്നു എന്നാണ് ഇപ്പോഴും വ്യക്തമാക്കുന്നത്. എന്നാൽ ഇവരുടെ ഈ ശുഭാപ്തിവിശ്വാസം എത്രത്തോളം നിലനിൽക്കും എന്നതാണ് അറിയേണ്ടത്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ അദാനി ഗ്രൂപ്പ് മാധ്യമ മേഖലയിൽ നടത്തുന്ന രണ്ടാമത്തെ പ്രധാന നിക്ഷേപമാണ് ഇപ്പോൾ എൻഡിടിവിയിൽ നടത്തുന്നത്. മെയ് മാസത്തിൽ രാഘവ് ബാലിൻറെ ക്വിന്റില്യൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻറെ 49 ശതമാനം ഓഹരികൾ വെളിപ്പെടുത്താത്ത തുകയ്ക്ക് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.

അതേ സമയം ഇന്നലെയിറക്കിയ വാർത്ത കുറിപ്പിൽ തന്നെ എൻഡിടിവിയിൽ തങ്ങൾക്കുള്ള താൽപ്പര്യം അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്. പുതിയ യുഗത്തിൽ മാധ്യമങ്ങളുടെ പുതിയ വഴി ഒരുക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ ഒരുക്കുന്നതെന്നും, ഈ ഏറ്റെടുക്കൽ സുപ്രധാന നാഴികക്കല്ലാണെന്നും എഎംഎൻഎൽ സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു.

“ഇന്ത്യൻ പൗരന്മാരെയും ഉപഭോക്താക്കളെയും ഇന്ത്യയിൽ താൽപ്പര്യമുള്ളവരെയും വിവരങ്ങളും അറിവും ഉപയോഗിച്ച് ശാക്തീകരിക്കാൻ എഎംഎൻഎൽ ശ്രമിക്കുന്നു. എൻഡിടിവി ഞങ്ങളുടെ കാഴ്ചപ്പാടിൽ എത്തിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രക്ഷേപണവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. വാർത്താ വിതരണത്തിൽ എൻ‌ഡി‌ടി‌വിയുടെ നേതൃത്വം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”പുഗാലിയ കൂട്ടിച്ചേർത്തു.