കുത്തിയൊലിച്ച പുഴയിൽ അകപ്പെട്ട് കുട്ടി, പാഞ്ഞടുത്ത് മുതലക്കൂട്ടം

Advertisement

ജയ്പൂർ: അപ്രതീക്ഷിതമായ ദുരന്തങ്ങളിൽ പലപ്പോഴും അത്ഭുത രക്ഷപ്പെടുത്തലുകളുടെ കാഴ്ചയും നമ്മൾ ഏറെ കണ്ടിട്ടുണ്ട്. പ്രളയ കാലത്ത് കേരളം തന്നെ അത്തരം ഒട്ടേറെ രക്ഷപ്പെടുത്തലുകളാണ് കണ്ടത്. ഇപ്പോഴിതാ അത്ഭുത രക്ഷപ്പെടുത്തലിൻറെ മറ്റൊരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അപ്രതീക്ഷിതമായി കുത്തിയൊലിക്കുന്ന പുഴ വെള്ളത്തിലകപ്പെട്ട കുട്ടിയുടെ രക്ഷപ്പെടലിൻറെ കാഴ്ച അത്രമേൽ അത്ഭുതപ്പെടുത്തുന്നതാണ്.

പുഴവെള്ളത്തിൽ അകപ്പെട്ട കുട്ടിയെ കടിച്ചുകീറാനായി മുതലകൂട്ടം പാഞ്ഞടുത്തപ്പോഴാണ് ദുരന്ത നിവാരണ സേന രക്ഷക്കെത്തിയത്. രാജസ്ഥാനിലെ ചമ്പൽ നദിയിലായിരുന്നു മുതലക്കൂട്ടത്തിൻറെ ആക്രമണത്തിൽ നിന്ന് കുട്ടിയെ ദുരന്ത നിവാരണ സേന രക്ഷിച്ചത്. മുതലക്കൂട്ടം ആക്രമിക്കാൻ പാഞ്ഞടുക്കുമ്പോൾ കുട്ടി നിസ്സഹായനായി അലറി കരയുകയായിരുന്നു. ഈ സമയത്താണ് അവിചാരിതമായി ദുരന്ത നിവാരണ സേന ആ വഴിക്ക് എത്തിയത്. കുട്ടിയുടെ രക്ഷകരായി ഇവർ മാറുകയായിരുന്നു.

ഡോ. ഭഗീരധ് ചൗധരിയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. കുട്ടിയെയും രക്ഷിച്ച സേനാ അംഗങ്ങളെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ചുറ്റിലും മുതക്കൂട്ടം പാഞ്ഞടുത്തിട്ടും മുന്നോട്ട് നീന്തിയ കുട്ടിയുടെ ആത്മധൈര്യത്തെയാണ് ഏവരും അഭിനന്ദിക്കുന്നത്. ഒപ്പം തക്കസമയത്ത് അവിടെയെത്തിയ ദുരന്ത നിവാരണ സേനാംഗങ്ങളെയും.