‘രാജ്യത്തിന് വേണ്ടി ​ഖാദി, പക്ഷേ ദേശീയ പതാകയ്ക്ക് ചൈനീസ് പോളിസ്റ്റർ’, മോദിയെ പരിഹസിച്ച് രാഹുൽ

Advertisement

ന്യൂഡൽഹി: ഖാദിക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവൃത്തിയും ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വികസനത്തിനും ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ വിമർശിച്ചാണ് രാഹുൽ രംഗത്തെത്തിയത്. ഖാദി രാജ്യത്തിന് വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ ദേശീയ പതാക നിർമ്മിക്കാൻ ചൈനീസ് പോളീസ്റ്ററാണ് ഉപയോ​ഗിക്കുന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

“‘ഖാദി ഫോർ നേഷൻ’ എന്നാൽ ചൈനീസ് പോളിസ്റ്റർ ദേശീയ പതാകയ്ക്ക്! എല്ലായ്‌പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല. – രാഹുൽ വമർ‌ശിച്ചു. ദേശീയ പതാക കൈകൊണ്ട് നൂൽക്കുന്നതോ കൈകൊണ്ട് നെയ്തതോ മെഷീൻ നിർമ്മിതമോ കോട്ടൺ/ പോളിസ്റ്റർ/ കമ്പിളി/ പട്ട് ഖാദി ബണ്ടിംഗ് എന്നിവ കൊണ്ടായിരിക്കണമെന്ന് ദേശീയ പതാക ഭേദഗതി ചെയ്തതിൽ കേന്ദ്രസർക്കാരിനെ കോൺഗ്രസ് ശക്തമായി വിമർശിച്ചു. നേരത്തെ, പോളിസ്റ്റർ പതാകകൾ ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു.

ഒരുകാലത്ത് ആത്മാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദിയെ സ്വാതന്ത്ര്യത്തിന് ശേഷം ഒരു തരം താഴ്ന്ന ഉൽപ്പന്നമായാണ് കണക്കാക്കിയിരുന്നത്. വരുന്ന ഉത്സവ സീസണിൽ ഖാദി ഗ്രാമവ്യവസായങ്ങളുടെ ഉൽപന്നങ്ങൾ മാത്രം സമ്മാനമായി നൽകണമെന്ന് അഹമ്മദാബാദിലെ സബർമതി നദീതീരത്ത് നടന്ന ‘ഖാദി ഉത്സവ്’ (ഖാദി ഉത്സവം) വേളയിൽ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിരുന്നു.

ഖാദിയിൽ നിർമ്മിച്ച ദേശീയ പതാകയ്ക്ക് പകരമായി ചൈനയിൽ നിർമ്മിക്കുന്ന പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാൻ മോദി സർക്കാർ തീരുമാനിച്ചതിനെതിരെ നേരത്തേ കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. രാഷ്ട്രപിതാവിനെ അപമാനിക്കലാണെന്ന് കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു.

Advertisement