തിരുവനന്തപുരം: പ്രാദേശിക സോഷ്യൽ കൊമേഴ്സ് കമ്പനിയായ മീഷോ ഇന്ത്യയിലെ പലചരക്ക് ഡിവിഷൻ അടച്ചുപൂട്ടിയെന്ന് റിപ്പോർട്ട്.
സൂപ്പർസ്റ്റോർ എന്നറിയപ്പെടുന്ന ഈ സേവനം നാഗ്പൂരും മൈസൂരും ഒഴികെ 90% ഇന്ത്യൻ നഗരങ്ങളിലും നിർത്തലാക്കിയെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ കമ്പനി മുന്നൂറോളം ജീവനക്കാരെ പിരിച്ചു വിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഇതുവരെ വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല. കൊവിഡ് സമയത്തും കമ്പനി 200 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.
വരുമാനത്തിലുണ്ടായ ഇടിവും, ചെലവു ചുരുക്കലുമാണ് ജീവനക്കാരെ വ്യാപകമായി പിരിച്ചു വിടാൻ കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിടപ്പെട്ടവർക്ക് രണ്ട് മാസത്തെ ശമ്പളം നൽകിയിട്ടുണ്ട്. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് മീഷോയുടെ സൂപ്പർസ്റ്റോർ പ്രവർത്തിക്കുന്നത്.
അതേസമയം മീഷോ സൂപ്പർസ്റ്റോറിനെ അതിന്റെ പ്രധാന ആപ്ലിക്കേഷനുമായി സംയോജിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. മീഷോയുടെ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഈ വർഷം അവസാനത്തോടെ സൂപ്പർസ്റ്റോർ 12 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് കമ്പനിക്ക്, ഇതിനായുള്ള പരീക്ഷണ സംരംഭം കർണാടകയിൽ ആരംഭിച്ചിട്ടുണ്ട്.