മുംബൈ: ജിയോയുടെ പാൻ-ഇന്ത്യ ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്ക് 11 ലക്ഷം കിലോമീറ്ററിലധികം നീളമുള്ളതാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.
റിലയൻസിന്റെ 45-ാം വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് വാർഷിക പൊതുയോഗം നടക്കുന്നത്.
ജിയോയുടെ ഫിക്സഡ് ലൈൻ നെറ്റ്‌വർക്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഉയർന്ന നിലവാരമുള്ളതും എല്ലായ്‌പ്പോഴും ലഭ്യമായതുമായ ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്ക് ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള ഡാറ്റ ട്രാഫിക് വഹിക്കും. അത് ആഗോള ഇന്റർനെറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ ജിയോയുടെ പാൻ-ഇന്ത്യ ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്ക് 11 ലക്ഷം കിലോമീറ്ററിലധികം നീളമുള്ളതാണെന്നും മുകേഷ് അംബാനി പറഞ്ഞു. 2023 ഡിസംബറോടെ രാജ്യമൊട്ടാകെ 5 ജി സേവനം ലഭ്യമാക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു. കുറഞ്ഞ ചെലവിൽ ഗുണന്മേയുള്ള സേവനം ലഭ്യമാക്കാനാണ് ഇതിലൂടെ പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച FTTX സേവന ദാതാവ് ഇപ്പോൾ ജിയോ ഫൈബർ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.”ജിയോ ഫൈബർ ഇപ്പോൾ ഇന്ത്യയിലെ ഒന്നാം നമ്പർ FTTX സേവന ദാതാവാണ്. കോവിഡ് ലോക്ക്ഡൗണിനിടയിലും രണ്ട് വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചു എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, ജിയോ ഫൈബർ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവാണ് ഉണ്ടായയത്”, മുകേഷ് അംബാനി കൂട്ടിച്ചേർത്തു. മൂന്നിൽ രണ്ടു ഉപഭോക്താക്കളും ജിയോ ഫൈബർ തെരഞ്ഞെടുക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഈ മികച്ച വളർച്ച ഉണ്ടായിരുന്നിട്ടും, ഫിക്സഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങളിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ പിന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, 20 ദശലക്ഷം കണക്ഷനുകൾ മാത്രമുള്ള ഇന്ത്യ, ഫിക്സഡ് ബ്രോഡ്‌ബാൻഡ് സ്വീകരിക്കുന്നതിൽ ലോകത്ത് 138-ാം സ്ഥാനത്താണ്. മറ്റ് വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ ഭൂരിഭാഗം വീടുകളിലും ഓഫീസുകളിലും ഫിക്സഡ് ബ്രോഡ്‌ബാൻഡിന്റെയും ഇൻഡോർ വൈ-യുടെയും ഉപയോഗം കുറഞ്ഞതായാണ് കണ്ടെത്തൽ. ഇത് ഉടനെ തന്നെ മാറണമെന്നും ജിയോ അത് മാറ്റിയെടുക്കുന്നതാണെന്നും മുകേഷ് അംബാനി പറഞ്ഞു.
ഫിക്സ്ഡ് ബ്രോൻഡ്ബാൻഡ് കണക്ഷന്റെ കാര്യത്തിൽ ആഗോളതലത്തിൽ ജിയോ ഇന്ത്യയെ മികച്ച 10 രാജ്യങ്ങളിൽ ഒന്നാക്കി മാറ്റും എന്നും മുകേഷ് അംബാനി പറഞ്ഞു. വിവിധ മേഖലകളിൽ കൂടുതൽ വളർച്ച കൈവരിക്കാൻ അതിവേഗ ഇൻർനെറ്റ് സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അംബാനി കൂട്ടിച്ചേർത്തു.