മോദി ദക്ഷിണേന്ത്യയിലേക്ക്, വമ്പൻ പദ്ധതികൾ നാടിന് സമർപ്പിക്കും; ഒന്നിന് കേരളത്തിൽ

Advertisement

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ ഒന്നിനും രണ്ടിനുമായി കേരളവും കർണാടകവും സന്ദർശിക്കും. സെപ്റ്റംബർ ‌ഒന്നിന് വൈകിട്ട് ആറിനു കൊച്ചി വിമാനത്താവളത്തിന് സമീപം കാലടിയിൽ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും.

സെപ്റ്റംബർ രണ്ടിന് രാവിലെ ഒമ്പതരയ്ക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും. ഉച്ചയ്ക്ക് 1.30ന് മംഗളൂരുവിൽ 3800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

പ്രതിരോധമേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പിന്റെ ഭാഗമായി തദ്ദേശീയമായി രൂപകൽപ്പനചെയ്തു നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്താണ് പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്നത്. ഇന്ത്യൻ നാവികസേനയുടെ സ്വന്തം യുദ്ധക്കപ്പൽ രൂപകൽപ്പന ബ്യൂറോ (ഡബ്ല്യുഡിബി) രൂപകൽപ്പന ചെയ്തു ഈ കപ്പൽ തുറമുഖ-ഷിപ്പിങ്-ജലപാതാ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡാണു നിർമിച്ചത്.

അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ നിർമിച്ചിരിക്കുന്ന വിക്രാന്താണ് ഇന്ത്യയുടെ സമുദ്രമേഖലയുടെ ചരിത്രത്തിൽ ഇതുവരെ നിർമിച്ചതിൽവച്ച് ഏറ്റവും വലിയ കപ്പൽ. 1971ലെ യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരാണ് ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിനും നൽകിയിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളും നൂറിലധികം എംഎസ്എംഇകളും നിർമിച്ചുനൽകിയ നിരവധി തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും കപ്പൽ ഉൾക്കൊള്ളുന്നു. വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതോടെ പ്രവർത്തനക്ഷമമായ രണ്ടു വിമാനവാഹിനിക്കപ്പലുകൾ ഇന്ത്യക്കു സ്വന്തമാകും. ഇതു രാജ്യത്തിന്റെ സമുദ്രസുരക്ഷയ്ക്കു കരുത്തേകും.

3800 കോടി രൂപയുടെ യന്ത്രവൽക്കൃത-വ്യവസായവൽക്കൃത പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും വേണ്ടിയാണ് പ്രധാനമന്ത്രി മംഗളൂരുവിൽ എത്തുന്നത്. കണ്ടെയ്നറുകളും മറ്റു ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ബർത്ത് നമ്പർ 14 യന്ത്രവൽക്കരിക്കുന്നതിനുള്ള ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയുടെ 280 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. യന്ത്രവൽക്കൃത ടെർമിനൽ കാര്യക്ഷമത വർധിപ്പിക്കുകയും കപ്പലുകളുടെ ടേൺഎറൗണ്ട് സമയം, പ്രീ-ബർത്തിങ് കാലതാമസം, തുറമുഖത്തു നിൽക്കേണ്ട സമയം എന്നിവ ഏകദേശം 35 ശതമാനം കുറയ്ക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ഇത് വ്യവസായ അന്തരീക്ഷത്തിന് ഉത്തേജനം പകരും. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചു. അതിലൂടെ 4.2 എംടിപിഎ കൈകാര്യംചെയ്യൽശേഷിയിലേക്കു കൂട്ടിച്ചേർക്കപ്പെട്ടു. ഇത് 2025 ആകുമ്പോഴേക്കും 6 എംടിപിഎ ആയി വർധിക്കും. തുറമുഖത്ത് 1000 കോടിയോളം രൂപയുടെ അഞ്ചുപദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അത്യാധുനിക ക്രയോജനിക് എൽപിജി സംഭരണ ടാങ്ക് ടെർമിനലിനാൽ സജ്ജീകരിച്ചിട്ടുള്ള സംയോജിത എൽപിജി- ബൾക്ക് ലിക്വിഡ് പിഒഎൽ സൗകര്യം, 45,000 ടൺ ഫുൾ ലോഡ് വിഎൽജിസി (ബൃഹത്തായ ഗ്യാസ് കാരിയർ) കാര്യക്ഷമമായി അൺലോഡ് ചെയ്യുന്നതിനു പ്രാപ്തമാകും.

രാജ്യത്ത് എൽപിജി ഇറക്കുമതി ചെയ്യുന്ന ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നെന്ന പദവി ഉറപ്പിക്കുന്നതോടൊപ്പം ഈ സൗകര്യം ഈ മേഖലയിൽ പ്രധാനമന്ത്രി ഉജ്വല യോജനയെ ശക്തിപ്പെടുത്തുകയും ചെയ്യും. സംഭരണ ടാങ്കുകളുടെയും ഭക്ഷ്യ എണ്ണ ശുദ്ധീകരണശാലയുടെയും നിർമാണം, ബിറ്റുമിൻ സംഭരണത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം, ബിറ്റുമിൻ-ഭക്ഷ്യ എണ്ണ സംഭരണവും അനുബന്ധ സൗകര്യങ്ങളും നിർമാണം എന്നീ പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതികൾ ബിറ്റുമിൻ, ഭക്ഷ്യ എണ്ണ കപ്പലുകളുടെ ടേൺഎറൗണ്ട് സമയം മെച്ചപ്പെടുത്തുകയും വ്യവഹാരത്തിനായി വരുന്ന മൊത്തത്തിലുള്ള ചരക്കുചെലവു കുറയ്ക്കുകയും ചെയ്യും.

മീൻപിടിത്തം സുരക്ഷിതമാക്കുന്നതിനും ആഗോളവിപണിയിൽ മികച്ച വില ലഭ്യമാക്കുന്നതിനും സഹായിക്കുന്ന മത്സ്യബന്ധനതുറമുഖത്തിന്റെ വികസനത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. സാഗർമാല പദ്ധതിയുടെ ഭാഗമായി ഈ പ്രവൃത്തി ഏറ്റെടുക്കുകയും അതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സമൂഹത്തിനു മെച്ചപ്പെട്ട സാമൂഹ്യ-സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും. മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്ന ബിഎസ് VI നവീകരണ പദ്ധതി, കടൽ വെള്ളത്തിൽ നിന്നു ഉപ്പുവേർതിരിക്കുന്നതിനുള്ള പ്ലാന്റ് എന്നീ രണ്ടു പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഏകദേശം 1830 കോടി രൂപ ചെലവുള്ള ബിഎസ് VI നവീകരണ പദ്ധതി, അത്യധികം ശുദ്ധമായ പരിസ്ഥിതിസൗഹൃദ ബിഎസ് VI ഗ്രേഡ് ഇന്ധനത്തിന്റെ (സൾഫറിന്റെ അളവ് 10 പിപിഎമ്മിൽ താഴെയുള്ള) ഉൽപ്പാദനം സുഗമമാക്കും. ഏകദേശം 680 കോടി രൂപ ചെലവിൽ സ്ഥാപിച്ച കടൽവെള്ളത്തിൽ നിന്ന് ഉപ്പു വേർതിരിക്കുന്ന പ്ലാന്റ്, ശുദ്ധജലത്തെ ആശ്രയിക്കുന്നതു കുറയ്ക്കാനും വർഷംമുഴുവൻ ഹൈഡ്രോകാർബണുകളുടെയും പെട്രോകെമിക്കലുകളുടെയും സ്ഥിരമായ വിതരണം ഉറപ്പാക്കാനും സഹായിക്കും. പ്രതിദിനം 30 ദശലക്ഷം ലിറ്റർ (എംഎൽഡി) ശേഷിയുള്ള പ്ലാന്റ്, സമുദ്രജലത്തെ ശുദ്ധീകരണപ്രക്രിയകൾക്ക് ആവശ്യമായ വെള്ളമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

Advertisement