ന്യൂഡൽഹി ∙ ദേശീയ തലസ്ഥാന മേഖലയിലെ നോയിഡ സെക്ടർ 93എയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത ഇരട്ട ടവറിന്റെ മാലിന്യക്കൂമ്പാരം നീക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുന്നു. നൂറുകണക്കിനു തൊഴിലാളികളും യന്ത്രങ്ങളുമാണു വിശ്രമമില്ലാതെ പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം വൈകിട്ട് മഴ പെയ്തതോടെ പൊടിപടലം കുറച്ചെങ്കിലും അടങ്ങിയ ആശ്വാസത്തിലാണു നാട്ടുകാരും അധികൃതരും.
‘‘അഞ്ഞൂറോളം ജീവനക്കാരെയാണു മാലിന്യം നീക്കാനായി നിയോഗിച്ചിട്ടുള്ളത്. 100 വാട്ടർ ടാങ്ക്, 22 ആന്റി–സ്മോഗ് ഗൺ, 6 സ്വീപ്പിങ് മെഷീൻ തുടങ്ങിയവയുടെ സഹായത്തോടെയാണു വൃത്തിയാക്കൽ. എടിഎസ് വില്ലേജ്, എമറാൾഡ് കോർട്ട് സൊസൈറ്റി മേഖലകളിലാണു പൊടിയുടെ പ്രശ്നം കൂടുതൽ. എമറാൾഡ് കോർട്ട് അടുത്ത ദിവസത്തോടെ വൃത്തിയാക്കാനാകും. കൂടുതൽ പൊടിയും മാലിന്യവും അടിഞ്ഞതിനാൽ എടിഎസ് വില്ലേജ് വൃത്തിയാക്കാൻ ഏഴ് ദിവസം കൂടി വേണമെന്നാണു കണക്കാക്കുന്നത്’’– നോയിഡ അതോറിറ്റി സിഇഒ ഋതു മഹേശ്വരി പറഞ്ഞു.
മല പോലെയാണു പ്രദേശത്തു കെട്ടിടാവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നത്. 55,000–80,000 ടൺ അവശിഷ്ടമുണ്ടാകുമെന്നാണു കണക്കുകൂട്ടൽ. 957 അപ്പാർട്മെന്റുകളും 21 വ്യാപാര കേന്ദ്രങ്ങളും സൂപ്പർടെക് ഇരട്ടടവറിൽ ഉണ്ടായിരുന്നു. 3,700 കിലോ സ്ഫോടക വസ്തുവാണ് 29 നിലയുള്ള സെയാൻ, 32 നിലയുള്ള അപെക്സ് എന്നീ ടവറുകൾ തകർക്കാൻ ഉപയോഗിച്ചത്. പൊളിച്ചുനീക്കലിന്റെ പശ്ചാത്തലത്തിൽ, സമീപത്തു താമസിക്കുന്ന 5000 പേരെ മാറ്റിയിരുന്നു. 3000ത്തോളം വാഹനങ്ങളും 150ലേറെ വളർത്തുമൃഗങ്ങളെയും സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റുകയും ചെയ്തു.