കെജ്രിവാൾ അധികാരം കുടിച്ച്‌ ഉന്മത്തനായെന്ന് അന്ന ഹസാരെ‍

Advertisement

ന്യൂഡൽഹി: തൻറെ ശിഷ്യനായ അരവിന്ദ് കെജ് രിവാളിനെതിരെ ആഞ്ഞടിച്ച്‌ ഗാന്ധിയൻ അന്ന ഹസാരെ. അധികാരം രുചിച്ചപ്പോൾ കെജ് രിവാളും മാറിയെന്നും അന്ന ഹസാരെ പറഞ്ഞു.

കഴിഞ്ഞ 35 വർഷമായി തൻറെ ഗ്രാമത്തിൽ മദ്യവും സിഗരറ്റും വിൽക്കാത്തതിനെ അംഗീകരിച്ച കെജ്രിവാളും മനീഷ് സിസോദിയയും ഇപ്പോൾ നേരെ തിരിഞ്ഞിരിക്കുന്നു. മദ്യത്തെയും സിഗരറ്റിനെയും എല്ലാം വെറുത്തിരുന്ന കെജ്രിവാളിൻറെ നിലപാട് 2012ൽ രചിച്ച സ്വരാജ് എന്ന പുസ്തകത്തിലെ ഏതാനും വരികൾ വായിച്ച്‌ അന്ന ഹസാരെ ഓർമ്മപ്പെടുത്തി.

അന്ന് സ്വരാജ് എന്ന പുസ്തകത്തിൽ അരവിന്ദ് കെജ്രിവാൾ പ്രശ്നമായി കണ്ടത് രാഷ്ട്രീയക്കാരുടെ നിർദേശപ്രകാരം മദ്യക്കടകൾ തുറക്കുന്നതിന് ഉദ്യോഗസ്ഥർ ലൈസൻസ് അനുവദിക്കുന്നതിനെയാണ്. “കൈക്കൂലി വാങ്ങിയ ശേഷമാണ് അവർ ലൈസൻസ് നൽകുന്നത്. മദ്യക്കടകൾ കാരണം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട്. ആളുകളുടെ കുടുംബജീവിതം തകരുന്നു. മദ്യത്തിൻറെ സ്വാധീനം കൊണ്ട് ജീവിതം തകർന്നവരോട് മാത്രം മദ്യക്കടകൾ തുറക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ആരും അനുവാദം ചോദിക്കുന്നില്ല. പകരം മദ്യക്കടകൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്.”- അരവിന്ദ് കെജ്രിവാൾ സ്വരാജ് എന്ന പുസ്തകത്തിൽ എഴുതുന്നു.

ഈ പ്രശ്നത്തിനുള്ള പരിഹാരമെന്തെന്നും അരവിന്ദ് കെജ്രിവാൾ തന്നെ സ്വരാജ് എന്ന ഈ പുസ്തകത്തിൽ മുന്നോട്ട് വെയ്ക്കുന്നു:”ഗ്രാമസഭകൾ ഇത് സംബന്ധിച്ച്‌ യോഗത്തിൽ അംഗീകാരം നൽകിയാൽ മാത്രമേ മദ്യക്കടകൾ തുറക്കാൻ പാടുള്ളൂ. ഗ്രാമസഭായോഗത്തിൽ പങ്കെടുത്ത 90 ശതമാനം സ്ത്രീകളും മദ്യത്തിന് അനുകൂലമായി വോട്ട് ചെയ്താൽ മാത്രമേ മദ്യക്കടകൾ അനുവദിക്കാൻ പാടുള്ളൂ. യോഗത്തിൽ കേവല ഭൂരിപക്ഷം നേടാനായാൽ സ്ത്രീകൾക്ക് തന്നെ മദ്യക്കടകൾ തുറക്കാനുള്ള ഈ ലൈസൻസ് റദ്ദാക്കാൻ സാധിക്കണം.”

“പക്ഷെ രാഷ്ട്രീയത്തിൽ അധികാരം നേടുകയും മുഖ്യമന്ത്രിയാവുകയും ചെയ്ത ശേഷം അരവിന്ദ് കെജ്രിവാൾ ആദർശങ്ങളും ആശയങ്ങളും മറന്നതായി തോന്നുന്നു. അതുകൊണ്ടാണ് ഡൽഹിയിലെ താങ്കളുടെ സർക്കാർ പുതിയൊരു മദ്യനയം ഉണ്ടാക്കിയത്. മദ്യവിൽപ്പനയ്ക്കും മദ്യ ഉപയോഗത്തിനും ഈ നയം ആക്കം കൂട്ടുന്നു. ഓരോ കവലയിലും മദ്യക്കടകൾ തുറക്കാൻ സാധിക്കും. ഇത് അഴിമതി വർധിക്കുന്നതിന് കാരണമാകും. ഇത് ജനങ്ങളുടെ താൽപര്യപ്രകാരമല്ല.”- അന്ന ഹസാരെ പറയുന്നു. കെജ്രിവാൾ അധികാരം കുടിച്ച്‌ ഉന്മത്തനായിരിക്കുകയാണെന്നും അന്ന ഹസാരെ കുറ്റപ്പെടുത്തുന്നു.

Advertisement