കൊച്ചി∙ രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
‘‘ആത്മനിർഭർ ഭാരതിന്റെ ഉദാത്ത പ്രതീകമാണ് ഇത്. ഇത് അഭിമാന മുഹൂർത്തം. കൊച്ചി കപ്പൽശാലയിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ മാത്രമല്ല, മെയ്ക്ക് ഫോർ ദി വേൾഡ് ആണ് ലക്ഷ്യം. ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണ്. സമുദ്രമേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണ് വിക്രാന്ത്. ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചു. പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ പ്രതീകമാണ് വിക്രാന്ത്. ഇതിലൂടെ ഇന്ത്യയ്ക്കു പുതിയ ശക്തിയും ഊർജവും ലഭിച്ചു. ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമാണിത്.
ഐഎൻഎസ് വിക്രാന്ത് ബൃഹത്തും ഗാംഭീര്യവും അതുല്യവും സവിശേഷവുമാണ്, അത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയർത്തുന്നു. നേരത്തെ, വികസിത രാജ്യങ്ങൾക്കു മാത്രമേ ഐഎൻഎസ് വിക്രാന്ത് പോലുള്ള വിമാനവാഹിനിക്കപ്പലുകൾ നിർമിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, ഇന്ത്യ ഈ നേട്ടം കൈവരിച്ചു. ഐഎൻഎസ് വിക്രാന്തിൽ ഉപയോഗിക്കുന്ന ഓരോ ഭാഗത്തിനും അതിന്റേതായ തുടക്കവും, യാത്രയുമുണ്ട്. ഇത് തദ്ദേശീയമായ സാധ്യതകളുടെയും തദ്ദേശീയ വിഭവങ്ങളുടെയും കഴിവുകളുടെയും പ്രതീകമാണ്’’ – മോദി പറഞ്ഞു.
നാവികസേനയ്ക്ക് വേണ്ടിയുള്ള ആദ്യ തദ്ദേശനിർമിത വിമാനവാഹിനിയാണ് ഐഎൻഎസ് വിക്രാന്ത്. വിക്രാന്തിന്റെ കമ്മിഷനിങ്ങിന് മുൻപായി നാവികസേനയുടെ പുതിയ പതാക അദ്ദേഹം പുറത്തിറക്കി. സ്വതന്ത്ര ഇന്ത്യയുടെ നാവിക സേനയ്ക്ക് ഇതു നാലാം തവണയാണ് പതാക മാറുന്നത്. ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തെ തള്ളുന്നതാണ് നാവികസേനയുടെ പുതിയ പതാക.
ഇന്ത്യൻ സമുദ്രത്തിൽ പ്രതിരോധ കവചം തീർക്കാൻ നാവികസേനയ്ക്കു കൂട്ടായി രണ്ടാമത്തെ വിമാനവാഹിനി പടക്കപ്പൽ കൂടിയെത്തുകയാണ്. നാവികസേനയ്ക്കു മാത്രമല്ല രാജ്യത്തിനും ഇതു ചരിത്രനിമിഷം കൂടിയാണ്. വിക്രാന്തിന്റെ നിർമാണം പൂർത്തിയായതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപന ചെയ്തു നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു കഴിഞ്ഞു. നാവികസേന ഇന്നു മുതൽ പുതിയ പതാകയുടെ കീഴിലാവുകയാണ്. കൊളോണിയൽ ചരിത്രശേഷിപ്പു മാറ്റി രാജ്യത്തിന്റെ സമ്പന്നമായ സമുദ്രപൈതൃകത്തിന് അനുയോജ്യമായ പുതിയ പതാകയാണു കൊച്ചി കപ്പൽശാലയിൽ നടക്കുന്ന വിക്രാന്തിന്റെ കമ്മിഷനിങ്ങിനൊപ്പം പ്രധാനമന്ത്രി അവതരിപ്പിച്ചു. കമ്മിഷനിങ്ങിനുശേഷം പ്രധാനമന്ത്രി വിമാനവാഹിനിയിലെ ബ്രിജ്, ഫ്ളൈറ്റ് ഡക്ക് അടക്കം തന്ത്രപ്രധാനകേന്ദ്രങ്ങൾ സന്ദർശിച്ചു. രണ്ട് മണിക്കൂറോളം സമയമാണു പ്രധാനമന്ത്രി കൊച്ചി കപ്പൽശാലയിൽ ചെലവഴിച്ചത്.