ന്യൂഡല്‍ഹി: ദില്ലി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്ത്താന്‍സ, വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം നടന്നത്. ജര്‍മനിയിലേക്കുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. പൈലറ്റുമാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ലോകവ്യാപകമായി ലുഫ്ത്താന്‍സ 800 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ദില്ലിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കും മ്യൂണിക്കിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയത്.
ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പൈലറ്റുമാരുടെ സംഘടന ലുഫ്ത്താന്‍സയില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. 5,000 പൈലറ്റുമാരാണ് ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തെ തുടര്‍ന്ന് ലോകമെമ്പാടും ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം യാത്രക്കാരാണ് വിവിധ ഇടങ്ങളില്‍ കുടുങ്ങിയത്.